മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതിയിൽ അറിയിച്ച മുൻ നിലപാടിൽ നിന്ന് വ്യത്യസ്തമായി കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നടപടി. പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. 

ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കൊലപാതക കേസിൽ അഡ്വ.എ.സന്തോഷ് കുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാൻ തത്വത്തിൽ തീരുമാനിച്ചെന്നാണ് ഓഗസ്റ്റ് 18-ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഈ നിലപാട് അംഗീകരിച്ച് കെ.എം.ബഷീറിന്‍റെ ഭാര്യ ജസീലയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി. ഒരു മാസത്തിനകം നിയമന വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ സെപ്റ്റംബർ 17-ലെ സർക്കാർ ഉത്തരവിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കേണ്ടതില്ലെന്ന് സർക്കാർ വ്യക്തമാക്കി. നിലവിലെ പ്രോസിക്യൂട്ടറുടെ വീഴ്ചയോ കാര്യക്ഷമതക്കുറവോ വ്യക്തമാക്കുന്ന റിപ്പോർട്ട് ലഭിച്ചിട്ടില്ല എന്നായിരുന്നു സർക്കാർ നിലപാട്.  ഇതിനെതിരായ ജസീലയുടെ ഹർജിയിലാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ നടക്കുന്ന വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തത്. പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ സർക്കാരിന് ജസ്റ്റിസ് ജി.ഗിരീഷ് നിർദേശം നൽകി. കോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് സർക്കാർ പ്രവര്‍ത്തിച്ചതെന്നാണ് ഹർജിയിൽ ജസീലയുടെ വാദം. കേസ് അട്ടിമറിക്കാന്‍ ഉന്നത തലത്തില്‍ ഐ.എ.എസ് ലോബി  ഇടപെട്ടിട്ടുണ്ട്. 

പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഇപ്പോഴും സര്‍വീസിലുള്ള ആളാണ്.  അയാളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഈ നിലപാടുമാറ്റം നടത്തിയത് എന്നും ജസീല ചൂണ്ടിക്കാട്ടി. സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന കാര്യം ഹൈക്കോടതിയെ അറിയിക്കാൻ അഭിഭാഷകനോട് നിർദേശിച്ചിട്ടില്ല എന്നാണ് സർക്കാർ ഉത്തരവിലുള്ളത്. സ്വാഭാവികമായും ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചിട്ടുള്ളത് എന്ന് സർക്കാരിന് കോടതിയിൽ വിശദീകരിക്കേണ്ടിവരും.

ENGLISH SUMMARY:

The Kerala High Court has stayed the trial in the journalist K.M. Basheer homicide case involving IAS officer Sriram Venkitaraman. The order came on a petition filed by Basheer's wife, Jaseela, challenging the government's sudden decision not to appoint a Special Public Prosecutor. Previously, the government had informed the court that a special prosecutor would be appointed, but later reversed its stance, citing a lack of negative reports regarding the current prosecutor. Justice G. Gireesh directed the state government to produce all official records related to the prosecutor's appointment to clarify the inconsistency in its position.