അമ്പൂരിയിലെ കൂമ്പിച്ചല്‍കടവ് പാലവും കടന്ന് തെന്‍മലയുടെ താഴ്വാരത്തിലേക്കുള്ള യാത്രയിലാണ് സഞ്ചാരികള്‍.  നെയ്യാറിന്‍റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന കൂമ്പിച്ചല്‍ കടവ് പാലം കാണാനിപ്പോള്‍ ആള്‍ത്തിരക്കേറുകയാണ്. അമ്പൂരിയെന്ന മലയോര ഗ്രാമത്തെ ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തിയത് ഈ പാലമാണ്. 

പാലം കടന്ന് മുന്നോട്ട് പോയാല്‍ കാത്തിരിക്കുന്നത് കാടിന്‍റെ ഭംഗിയാണ്. നെയ്യാറിനു കരയിലെ വനങ്ങളിലും ഗോത്ര ഗ്രാമങ്ങളിലും പറഞ്ഞറിയിക്കാനാകാത്ത മനോഹാരിതയും  ശാന്തതയുമാണ്. പലതരം ചെടികള്‍, മരങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍... ജൈവവൈവിധ്യത്തിന്‍റെ കലവറയാണ് നെയ്യാര്‍ വനമേഖല. അഗസ്ത്യമലയില്‍ നിന്ന് ഒഴുകിയെത്തുന്ന നെയ്യാറും കൈവഴികളും ചേര്‍ന്ന് ജലസമൃധിയുടെയും പച്ചപ്പിന്‍റെയും ലോകമാണ്  സൃഷ്ടിച്ചിരിക്കുന്നത്. നെയ്യാര്‍ ജലസംഭരണി ഈ വനമേഖലയുടെ ഒത്ത നടുവിലാണ്.

വനം വകുപ്പിന്‍റെ അനുവാദത്തോടെ വേണം നെയ്യാര്‍ വന്യജീവി സങ്കേതത്തിലേക്ക് യാത്ര ചെയ്യാന്‍. വനത്തിനോ  ആദിവാസി ഗ്രമങ്ങള്‍ക്കോ ഒരു പ്രശനവും സൃഷ്ടിക്കാതെ വേണം യാത്ര പോകാന്‍. കാടറിഞ്ഞ് യാത്ര ചെയാതാല്‍ ഒരുകൂട്ടം കാടറിവുകളും മനസ് നിറക്കും കാഴ്ചകളുമായി തിരികെയെത്താം.