വാഹനങ്ങള്‍ക്ക് വേണ്ടാതെ തിരുവനന്തപുരം പുത്തരിക്കണ്ടത്തെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ്. 240 കാര്‍ പാര്‍ക്ക് ചെയ്യാമെങ്കിലും നൂറിനടുത്ത് വാഹനങ്ങള്‍ മാത്രമാണ് ദിവസേനയെത്തുന്നത്. ഉയര്‍ന്ന ഫീസ് ഈടാക്കുന്നതാണ് ആളുകള്‍ പാര്‍ക്ക് ചെയ്യാന്‍ മടിക്കുന്നതിന് കാരണം.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍റെ രണ്ടാം ഗേറ്റിന് സമീപം ആറുമാസം മുന്‍പാണ് കോര്‍പ്പറേഷന്‍ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് കേന്ദ്രം സ്ഥാപിച്ചത്.
19.47 കോടി രൂപ മുടക്കി തുടങ്ങിയ കാര്‍ പാര്‍ക്കിങ് 24മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ ആകെയുള്ള അഞ്ചുനിലകളില്‍ ഒരു നില തികച്ച് പോലും വാഹനമുണ്ടാകാറില്ല. ഒരു ദിവസം മുഴുവന്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ 110 രൂപയാണ് ചാര്‍ജ്. നാലുമണിക്കൂര്‍ വരെ പാര്‍ക്ക് ചെയ്യാന്‍ 50 രൂപ നല്‍കണം.
അതേസമയം തൊട്ടടുത്ത് പുത്തരിക്കണ്ടം മൈതാനിയില്‍ ചാര്‍ജില്ലാതെ പാര്‍ക്ക് ചെയ്യാമെന്നിരിക്കെ ഭൂരിഭാഗം വാഹനങ്ങളും അവിടെയാണ് പാര്‍ക്ക് ചെയ്യുന്നത്. മണിക്കൂറിന് 10 രൂപ മാത്രം നല്‍കി റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നവരും ഏറെ.
റെയില്‍വേ സ്റ്റേഷന്‍റെ അറ്റകുറ്റപണികള്‍ നടക്കുന്ന രണ്ടാം ഗേറ്റിലൂടെ യാത്രക്കാര്‍ക്ക് നിലവില്‍ പ്രവേശനമില്ല. പണി കഴിഞ്ഞ് തുറന്നുകൊടുക്കുന്നതോടെ മൂന്ന്, നാല്, അഞ്ച് പ്ലാറ്റ്‍ഫോമുകളിലേക്ക് പ്രവേശിക്കേണ്ട ട്രെയിന്‍ യാത്രക്കാര്‍ ഇവിടെ വാഹനം പാര്‍ക്ക് ചെയ്യാനെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. സമീപത്തെ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങാത്തതും പ്രതിസന്ധിയാണ്. വിഷയം പരിശോധിക്കുമെന്ന് മേയര്‍ പറഞ്ഞു.