കാസര്‍കോട് മഞ്ചേശ്വരം ഹൊസങ്കടി ജംഗ്ഷനിൽ ബസുകളുടെ അശാസ്ത്രീയ പാർക്കിംഗ് യാത്രക്കാർക്ക് ദുരിതമാകുന്നു. നിശ്ചിത ബസ് സ്റ്റോപ്പുകൾ ഒഴിവാക്കി ജംഗ്ഷന്‍റെ മധ്യഭാഗത്തും റോഡ് തിരിയുന്ന ഭാഗത്തുമാണ് പല ബസുകളും നിർത്തുന്നത്. ഇതോടെ ഗതാഗതക്കുരുക്കിനൊപ്പം അപകടഭീഷണിയും വർധിക്കുകയാണ്.
തലപ്പാടി ഭാഗത്തുനിന്ന് കാസർകോട് ഭാഗത്തേക്ക് സർവീസ് നടത്തുന്ന ബസുകളാണ് പലപ്പോഴും നിശ്ചിത സ്റ്റോപ്പുകൾ ഒഴിവാക്കുന്ന നില സ്വീകരിക്കുന്നത്. ജംഗ്ഷന്‍റെ മധ്യഭാഗത്തും അനെക്കല്ലു റോഡിലേക്ക് തിരിയുന്ന ഭാഗത്തും യാത്രക്കാരെ കയറ്റിയിറക്കാനുമായി ബസുകൾ കുറുകെ നിർത്തുന്നു .
സ്കൂൾ വിദ്യാർഥികളും ഓഫീസ് ജീവനക്കാരുമടക്കം ഏറെപേർ ഇതുവഴി പോകുന്നതിനാൽ അപകടസാധ്യതയും ഉയരുകയാണ്. അശാസ്ത്രീയമായ ബസ് പാർക്കിംഗ് തടയാൻ പൊലീസും മോട്ടോർ വാഹന വകുപ്പും കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.