ഓണം മനുഷ്യർക്ക് മാത്രമല്ല, ഇടയിലക്കാട് കാവിലെ വാനരർക്കും ആഘോഷമാണ്. തൃക്കരിപ്പൂർ ഇടയിലക്കാട് നവോദയ വായനശാല ആൻഡ് ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ ഇത്തവണയും വാനരർക്കായി ഒരുക്കിയത് ഓണസദ്യ. 19 കൂട്ടം വിഭവങ്ങൾ ആണ് വാനരന്മാർക്ക് ആയി ഒരുക്കിയത്.
ഇടയിലക്കാട് നവോദയ വായനശാലാ ഗ്രന്ഥാലയത്തിന്‍റെ നേതൃത്വത്തിൽ ആണ് എല്ലാവർഷവും അവിട്ടം ദിനത്തിൽ വാനരസദ്യ നൽകിവരുന്നത്. രണ്ട് പതിറ്റാണ്ടിലധികം വാനരക്കൂട്ടത്തെ സംരക്ഷിച്ച ചാലിൽ മാണിക്കം അമ്മയുടെ കുടുംബം കുട്ടികളുടെ സംഘത്തിന് കൈമാറിയതാണ് വിഭവങ്ങൾ. സദ്യ വിളമ്പാൻ കുട്ടികൾ ഘോഷയാത്രയോടെ കാവിലെത്തി. ഡസ്കും കസേരയും നിരത്തി... വാഴയില വിരിച്ചു... വിഭവങ്ങളെല്ലാം തയ്യാറാക്കി. ഇതോടെ കാട്ടുമരങ്ങളുടെകൊമ്പുകൾ കുലുക്കി കാടിളക്കിവന്ന വാനരപ്പട ഇടയിലക്കാട് കാവിൽ ഓണസദ്യയുണ്ടു.
മുപ്പതോളം വാനരന്മാരാണ് സദ്യയുണ്ണാൻ എത്തിയത്. ഉപ്പുചേർക്കാത്ത ചോറിനൊപ്പം പഴങ്ങളും പച്ചക്കറികളും. വാനരസദ്യ ഇത്തവണ പത്തൊമ്പതാം വർഷത്തിലേക്ക് കടന്നതിന്‍റെ പ്രത്യേകതയും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പത്തൊമ്പത് വിഭവങ്ങളാണ് ഇത്തവണ സദ്യയിൽ ഒരുക്കിയത്. ഇങ്ങനെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സ്നേഹത്തിന്റെ വേറിട്ടൊരു കാഴ്ചയായി മാറി ഇടയിലക്കാട്ടെ ഈ വാനരസദ്യ.