doctors

കാസർകോട് ജില്ലയിൽ ഡോക്ടർമാരുടെ ക്ഷാമത്തിന് പരിഹാരമാകാതെ പുതിയ നിയമനവും. നിയമന ഉത്തരവ് ലഭിച്ച 93 ഡോക്ടർമാരിൽ ജോലിയിൽ പ്രവേശിച്ചത് 36 പേർ മാത്രം. ഇതിൽ 27 പേരും ജോയിൻ ചെയ്ത ദിവസം തന്നെ അവധിയിൽ പോയി. നിലവിൽ പുതുതായി ജോലിയിൽ പ്രവേശിച്ച് സേവനം നൽകുന്നത് ചുരുക്കം  പേർ മാത്രം .

172 ഡോക്ടർമാരുടെ ഒഴിവുകളുള്ള കാസർകോട് ജില്ലയിൽ 93 പേർക്ക് നിയമന ഉത്തരവ് ലഭിച്ചതോടെ ആരോഗ്യ മേഖലയിൽ പ്രതീക്ഷയേറിയിരുന്നു . എന്നാൽ നിയമന ഉത്തരവ് ലഭിച്ച 93 പേരിൽ 36 പേർ മാത്രമാണ് ജോലിയിൽ പ്രവേശിച്ചത്. ഇവരിൽ 27 പേരും ജോയിൻ ചെയ്ത അതേദിവസം തന്നെ അവധിയിൽ പ്രവേശിക്കുന്ന സാഹചര്യമുണ്ടായി. ഉന്നത പഠനത്തിന് അവധിയെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതോടെ പുതുതായി നിയമനം ലഭിച്ച് ആശുപത്രികളിൽ സേവനം നൽകുന്നത് ചുരുക്കം  ഡോക്ടർമാർ മാത്രമാണ് . പി.എസ്.സി നിയമനം വന്നതോടെ നേരത്തെ സേവനം ചെയ്തിരുന്ന താൽക്കാലിക ഡോക്ടർമാരെയും ഒഴിവാക്കി. 

പുതുതായി എത്തിയവരും അവധിയിൽ പോയതോടെ പല ആശുപത്രികളിലും ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമായി. വൈകിട്ട് ആറുവരെ പ്രവർത്തിക്കേണ്ട എഫ്.എച്ച്.സികൾ പലതും ഉച്ചവരെ മാത്രമാണ് പ്രവർത്തിക്കുന്നത്. താലൂക്ക് ആശുപത്രികളിൽ പോലും 24 മണിക്കൂർ സേവനം ഉറപ്പാക്കാനാകുന്നില്ല. ഡോക്ടർമാരുടെ ക്ഷാമം അടിയന്തരമായി പരിഹരിച്ച് ജില്ലയിലെ ആരോഗ്യ സംവിധാനത്തെ സാധാരണ നിലയിലാക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

ENGLISH SUMMARY:

Kasargod doctor shortage persists despite new appointments, leaving many facilities understaffed. The situation necessitates urgent government intervention to restore normal healthcare services in the district.