remya-haridas

ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളിലുള്ള തർക്കങ്ങളാണ് തനിക്കെതിരെയുള്ള അപവാദപ്രചരണങ്ങൾക്കും മർദനക്കേസിലേക്കും നയിച്ചതെന്ന് ചിറയിന്‍കീഴ് എം.എൽ.എ രമ്യ ഹരിദാസ്. സമൂഹമാധ്യമങ്ങളിലൂടെയും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും തന്നെ അപകീർത്തിപ്പെടുത്താൻ ചിലർ ബോധപൂർവം ശ്രമിച്ചതായും, പറയുവാൻ കൊള്ളാത്ത വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചതിനെതിരെ പാർട്ടിയിലെ വിവിധ തലങ്ങളിൽ പരാതി നൽകിയിരുന്നതായും രമ്യ ഹരിദാസ് വ്യക്തമാക്കി. കേസിനാസ്പദമായ സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അവർ.

ബാങ്ക് തിരഞ്ഞെടുപ്പിൽ ഒരു വിഭാഗത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെന്ന വിരോധത്തിലാണ് സജിത്ത്, വിശ്വനാഥൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ തനിക്കെതിരെ നിരന്തരം അധിക്ഷേപങ്ങൾ അഴിച്ചുവിട്ടതെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. സംഭവദിവസം കോഴിക്കടയ്ക്ക് സമീപത്തുവെച്ച് കണ്ട സജാദ് എന്ന വ്യക്തിയാണ് തന്നെ സ്നേഹത്തോടെ വീട്ടിലേക്ക് ക്ഷണിച്ചത്. 

സജിത്തിന്റെയും വിശ്വേട്ടന്റെയും നിർദ്ദേശപ്രകാരമാണ് വാട്സ്ആപ്പിലൂടെ അപവാദപ്രചരണം നടത്തിയത് എന്ന് സജാദ് തന്നെ സമ്മതിച്ചിരുന്നു. തുടർന്ന്, തൊട്ടടുത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചതനുസരിച്ച് ചെന്നപ്പോഴാണ് സജിത്തിന്റെ നേതൃത്വത്തിൽ അഞ്ചിലധികം വരുന്ന സംഘം അങ്ങോട്ടേക്ക് ഇരച്ചെത്തുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തത്.

മാസങ്ങളായി ആസൂത്രണം ചെയ്ത നീക്കത്തിന്റെ ഭാഗമായാണ് ഈ അക്രമമെന്ന് അവർ ചൂണ്ടിക്കാട്ടി. ആരോപിക്കപ്പെടുന്നതുപോലെ സജാദിന്റെ മകളെയോ ഭാര്യയെയോ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും, പുളിമൂട് ജംഗ്ഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും എം.എൽ.എ പറഞ്ഞു.

കൂടാതെ, പാളയം പ്രദീപ് തന്റെ കൂടെയുള്ള സ്റ്റാഫാണെന്നും അദ്ദേഹത്തിന്റെ പങ്കാളിത്തത്തെക്കുറിച്ച് ഉയരുന്ന ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു. താൻ ആലത്തൂർ എം.പി ആയിരുന്ന കാലം തൊട്ട് ഒപ്പമുള്ള വ്യക്തിയാണ് പ്രദീപ് ഡ്രൈവറും ഓഫീസ് സ്റ്റാഫുമടക്കം നിയമപരമായി അനുവാദമുള്ള സ്റ്റാഫുകളെ മാത്രമാണ് തനിക്കൊപ്പം നിർത്തിയിട്ടുള്ളതെന്നും അവർ വ്യക്തമാക്കി. 

സംഭവത്തിൽ ആഭ്യന്തര വകുപ്പിൽ നിന്നും പൊലീസിൽ നിന്നും അടിയന്തര നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും, കെ.പി.സി.സി ഭാരവാഹികളുമായും യൂത്ത് കോൺഗ്രസ് നേതൃത്വവുമായും വിഷയം കൂടുതൽ സംസാരിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും എം.എൽ.എ അറിയിച്ചു.

ENGLISH SUMMARY:

Attingal MLA Remya Haridas stated that internal Congress disputes surrounding a local bank election led to the recent slander campaign and physical confrontation against her. She alleged that a group led by Sajith and Viswanathan Nair continuously abused her online because she refused to favor a specific faction in the election. Remya explained that she visited local leader Sajjad's home upon his invitation after he admitted to spreading rumors under pressure, where an ambushing group led by Sajith subsequently attacked her. She dismissed allegations of threatening Sajjad's family, citing CCTV footage from Pulimoodu junction as evidence, and confirmed that formal complaints have been lodged with party leaders and the police.