സെക്രട്ടേറിയറ്റിനുമുമ്പില്‍ ഈ തിരുവോണ ദിനത്തിലും പട്ടിണിസമരക്കാരുടെ നിര. റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരും മുമ്പൊരു ജോലിയെന്ന സ്വപ്നത്തിനു വേണ്ടിയാണ് വിവിധ റാങ്ക് പട്ടികകളിലുളളവര്‍ തിരുവോണ ദിനത്തിലും നിരാഹാര സമരം കിടക്കുന്നത്.
പ്രീ പ്രൈമറി റാങ്ക് ലിസ്റ്റുകാര്‍ ഇന്ന് പണിട്ടിയാണ്. പ്രീ പ്രൈമറി മേഖലയിലെ നിയമന നിരോധനം നീക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഇതുവരെ ചര്‍ച്ചയ്ക്ക് പോലും വിളിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തിരുവോണ ദിനത്തിലും നിരാഹാരം കിടക്കുന്നത്.
ഡ്രൈവര്‍ റാങ്ക് ലിസ്റ്റിലുളളവര്‍ തിരുവോണ ദിനത്തിലെ പതിവ് സമര രീതിയായ മണ്ണ് തിന്ന് പ്രതിഷേധത്തിനാണ് നീക്കം. സര്‍ക്കാര്‍ വാഹനങ്ങളിലെ ഡ്രൈവര്‍ വേക്കന്‍സികള്‍ പി എസ് സി ലിസ്റ്റില്‍ നിന്ന് മാത്രം നികത്തുക എന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
സര്‍ക്കാരില്‍ നിന്ന് ഉറപ്പുകള്‍ കിട്ടിയെങ്കിലും എല്‍ പി എസ് ടി റാങ്ക് ഹോള്‍ഡേഴ്സും വാഗ്ദാനങ്ങള്‍ നടപ്പാക്കും വരെ സമരത്തിലാണ്. എല്ലാവരും നിറച്ചുണ്ണുന്ന തിരുവോണ ദിനത്തിലും അടുത്ത വര്‍ഷമെങ്കിലും വയറെരിയാതിരിക്കാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ ഏറെയാണ്.