ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളുടെയും സ്വര്‍ണവും, ഭൂമിയും ഉള്‍പ്പെടെയുള്ള ആസ്തി മൂല്യം തിട്ടപ്പെടുത്തണമെന്ന് ദേവസ്വം സെക്രട്ടറി. വിശദമായ രൂപരേഖ തയാറാക്കി ഡോ.എം.ജി രാജമാണിക്യം അടുത്തദിവസം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ശബരിമല സ്വര്‍ണക്കൊള്ള വിവാദവും, ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണമൂല്യത്തിലുണ്ടായ അവ്യക്തതയില്‍ ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തിയ സാഹചര്യവും കണക്കിലെടുത്താണ് നിര്‍ണായക തീരുമാനം.
ക്ഷേത്രങ്ങള്‍ക്ക് സ്വന്തമായുള്ള ആസ്തി. അത് ഭൂമിയാവട്ടെ, സ്വര്‍ണമാവട്ടെ, മറ്റ് മൂല്യമേറിയ വസ്തുക്കളാവട്ടെ. കൃത്യമായ കണക്കുണ്ടാവണം. അളവുണ്ടാവണം. പല ക്ഷേത്രങ്ങളിലും ദേവസ്വം രേഖകളില്‍ മാത്രമാണ് ആസ്തി വിവരമുള്ളത്. പരിശോധിക്കാനോ മൂല്യമളക്കാനോ സംവിധാനമില്ല. ഇത് പലപ്പോഴും തട്ടിപ്പിന് വഴിയൊരുക്കുന്നുവെന്നുമാണ് വിമര്‍ശനം. ശബരിമല സ്വര്‍ണക്കൊള്ളയും ഗുരുവായൂര്‍ ക്ഷേത്രത്തിലെ അമൂല്യശേഖരങ്ങളുടെ മൂല്യം വ്യക്തമാക്കാന്‍ കഴിയാത്തതിലുള്ള ഹൈക്കോടതി വിമര്‍ശനവും സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. Also Read: 4000കിലോമീറ്റര്‍ യാത്ര, ഒഡിഷയിലെ നക്സല്‍ മേഖലയില്‍ അര്‍ധരാത്രി മിന്നല്‍നീക്കം; 13കാരിയെ രക്ഷപ്പെടുത്തി കേരള പൊലീസ്
ഇതിന് പരിഹാരമെന്ന നിലയിലാണ് സമഗ്രമായ മൂല്യപരിശോധന നിര്‍ദേശം. സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തില്‍ ദേവസ്വം ബോര്‍ഡുകളുടെ നേതൃത്വത്തില്‍ വിദദ്ധരെ ഉള്‍പ്പെടുത്തി മൂല്യം തിട്ടപ്പെടുത്തണം. ഓരോ ക്ഷേത്രങ്ങളുടെയും യഥാര്‍ഥ ആസ്തി തിരിച്ചറിയുന്നതിനൊപ്പം തിരിമറി ഒഴിവാക്കുന്നതിനും ഉപകാരപ്രദമായിരിക്കുമെന്നാണ് ദേവസ്വം സെക്രട്ടറിയുടെ നിരീക്ഷണം. ഭൂമിയുള്‍പ്പെടെ സ്വകാര്യ വ്യക്തികള്‍ കൈവശം വച്ചിരിക്കുന്നത് പലതും തിരിച്ചുപിടിക്കാനുമാവും. മൂല്യത്തിന്‍റെ നിജസ്ഥിതി ഇടവേളകളില്‍ പരിശോധിക്കണം. മന്ത്രിയുമായുള്ള പ്രാഥമിക ചര്‍ച്ചയ്ക്ക് ശേഷമാണ് ദേവസ്വം സെക്രട്ടറി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.
വിദഗ്ധസമിതി ആരുടെ നേതൃത്വത്തിലാവണം. ആരൊക്കെ അംഗങ്ങളാവണം. എത്രദിവസത്തിനുള്ളില്‍ മൂല്യനിര്‍ണയം തിട്ടപ്പെടുത്തണം. തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുന്നതിനുള്ള നിര്‍ദേശങ്ങളും ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ടാവും.