five

തിരുവനന്തപുരം ജില്ലയിലെ ദേശീയപാത വികസനത്തിന്റെ ഭാഗമായി നടക്കുന്ന കഴക്കൂട്ടം–കടമ്പാട്ടുകോണം സ്ട്രച്ചിലെ നിർമാണ പ്രവർത്തനങ്ങൾ പൂർണമായും സ്തംഭിച്ചു. ഡിസൈനിൽ വരുത്തിയ മാറ്റത്തിന്റെ ഭാഗമായി ഉയരപ്പാതകൾ നിർമിക്കാൻ ദേശീയപാത അതോറിറ്റി റീടെൻഡർ ക്ഷണിച്ചതും കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും തമ്മിലുള്ള തർക്കവും നിർമാണം നിലയ്ക്കാൻ കാരണമായതായി സൂചന. ഇതോടെ മൂന്ന് വർഷത്തിലേറെയായി നിർമാണത്തിന്റെ ദുരിതം സഹിക്കുന്ന പ്രദേശവാസികളും യാത്രക്കാരും കടുത്ത പ്രതിസന്ധിയിലാണ്.

കഴക്കൂട്ടം മേൽപ്പാലം മുതൽ മംഗലപുരം വരെ രാവിലെയും വൈകിട്ടും കിലോമീറ്ററുകളോളം വാഹനനിര രൂപപ്പെടുന്നത് പതിവ് കാഴ്ചയാണ്. ദേശീയപാത വികസനം വേഗത്തിൽ പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ ഇത്രയും നാൾ ദുരിതം സഹിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി സ്ട്രച്ചിൽ യാതൊരു നിർമാണ പ്രവർത്തനവും നടക്കുന്നില്ല.

മലപ്പുറത്തും കൊല്ലത്തും ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ കഴക്കൂട്ടം–കടമ്പാട്ടുകോണം ഭാഗത്ത് മണ്ണ് നിറച്ച റീറ്റെയ്‌നിങ് വാളുകൾക്ക് പകരം ഉയരപ്പാതകൾ നിർമിക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി റീടെൻഡർ നടപടികൾ ആരംഭിച്ചതാണ് നിർമാണം മന്ദഗതിയിലാകാൻ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

എന്നാൽ ഉയരപ്പാത നിർമിക്കാനിരിക്കുന്ന ഏഴ് കിലോമീറ്റർ ഭാഗം മാത്രമല്ല, ബാക്കി മേഖലകളിലും നിർമാണം പൂർണമായും നിലച്ചിരിക്കുകയാണ്. അഡ്വാൻസ് തുക തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് ഉപകരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും തമ്മിൽ നിലനിൽക്കുന്ന തർക്കവും പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.

നിർമാണം നിർത്തിവെച്ചതോടെ തൊഴിലാളികളെയെല്ലാം മഹാരാഷ്ട്രയിലെ മറ്റൊരു ദേശീയപാത പദ്ധതിയിലേയ്ക്ക് കരാർ കമ്പനി മാറ്റിയതായും റിപ്പോർട്ടുണ്ട്. ഇതോടെ കഴക്കൂട്ടം–കടമ്പാട്ടുകോണം ദേശീയപാത വികസന പദ്ധതിയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

നിർമാണം എപ്പോൾ പുനരാരംഭിക്കുമെന്ന കാര്യത്തിൽ ദേശീയപാത അതോറിറ്റിയോ കരാർ കമ്പനിയോ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. അതേസമയം, പദ്ധതി വൈകുന്നതോടെ പ്രദേശത്തെ ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും ശാശ്വത പരിഹാരം ഇനിയും അകലെയാണെന്നാണ് നാട്ടുകാരുടെ ആശങ്ക.

Kazhakootam-Kadambattukonam NH development :

Kazhakootam-Kadambattukonam NH development is experiencing a complete halt due to design changes and disputes between the National Highway Authority and the contractor. This prolonged standstill has left local residents and commuters facing severe hardship after enduring over three years of construction.