padmanabha-shangumukham

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പരമ്പരാഗത ആറാട്ടുപാതയടക്കുന്ന തരത്തില്‍ ശംഖുമുഖത്തിന്‍റെ ബീച്ച് സൗന്ദര്യവല്‍കരണ പ്രവര്‍ത്തി നടത്തുന്നെന്ന് ആരോപണം. ആറാട്ടുമണ്ഡപത്തില്‍ നിന്ന് ആറാട്ടുകടവിലേക്കുള്ള പരമ്പരാഗത പാതയില്‍ പടിക്കെട്ട് നിര്‍മിക്കുന്നതോടെ ആറാട്ട് ചുറ്റിപോകേണ്ടിവരും. പരാതിയെ തുടര്‍ന്ന് ആറാട്ടുമണ്ഡപത്തിന് സമീപത്തെ നിര്‍മാണ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെച്ചു.

പൈങ്കുനി, അല്‍പശി ഉല്‍സവങ്ങളോടനുബന്ധിച്ച് വര്‍ഷത്തില്‍ രണ്ടുതവണയാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആറാട്ട്. ക്ഷേത്രത്തില്‍ നിന്ന് പരമ്പരാഗത വഴിയില്‍ ശംഖുമുഖത്തെ ആറാട്ടുകടവിലെത്തിയാണ് ചടങ്ങുകള്‍. ആറാട്ടു മണ്ഡപത്തില്‍ നിന്ന് ആറാട്ടുകടവിലേക്കുള്ള പരമ്പരാഗത പാതയടച്ച് പടിക്കെട്ടുകള്‍ നിര്‍മിക്കുന്നെന്നാണ് ഭക്തരുടെ പരാതി. പടിക്കെട്ട് നിര്‍മാണം പൂര്‍ത്തിയായാല്‍ പൂജ നടത്തുമ്പോള്‍ തന്ത്രിക്ക് ഗരുഡവാഹനം കാണാന്‍ കഴിയില്ലെന്നു കാട്ടി ഹിന്ദു ഐക്യവേദി മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

പരാതിയെ തുടര്‍ന്ന് ആറാട്ടുകടവിലേക്ക് ഇറങ്ങുന്ന ഭാഗത്തെ നിര്‍മാണപ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെച്ചു. തിങ്കളാഴ്ച തന്ത്രി സ്ഥലം സന്ദര്‍ശിക്കും. തന്ത്രിയുടെ നിര്‍ദേശം വന്നശേഷമേ പദ്ധതി പുനരാരംഭിക്കൂ എന്ന് അധികൃതര്‍ അറിയിച്ചു. കടലേറ്റത്തില്‍ തകര്‍ന്ന തീരം വീണ്ടെടുക്കാന്‍ 14 കോടി രൂപ മുടക്കിയാണ് ഇറിഗേഷന്‍ വകുപ്പ് നിര്‍മാണപ്രവര്‍ത്തനം നടത്തുന്നത്.

ENGLISH SUMMARY:

Sree Padmanabhaswamy Temple's traditional Arattu path faces obstruction due to beach beautification work at Shankumugham. The construction of steps on the traditional route from the Arattu Mandapam to the Arattu Kadavu is reportedly blocking the path, necessitating a detour for the sacred Arattu ritual. Following complaints, construction near the Arattu Mandapam has been temporarily halted pending further review.