thiruvananthapuram-road-construction-traffic-control

TOPICS COVERED

ഇഴ‍ഞ്ഞുനീങ്ങുന്ന തിരുവനന്തപുരം വഴയില–കരകുളം റോഡ് നിര്‍മാണം വേഗത്തിലാക്കാന്‍  ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം. നെടുമങ്ങാട് ഭാഗത്തുനിന്നും വരുന്ന കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടേയുള്ള വലിയ വാഹനങ്ങള്‍ ഏണിക്കരയില്‍ നിന്നും  പേരൂര്‍ക്കട ഭാഗത്തേക്ക് തിരിച്ചുവിടും. മോട്ടുമ്മൂല നിന്ന് മൂന്ന് മീറ്റര്‍ വീതിയില്‍ ചെറിയ വാഹനങ്ങള്‍ മാത്രമേ കടത്തിവിടൂ. അനന്തമായി നീളുന്ന റോഡ് പണി കാരണം വലയുന്ന നാട്ടുകാര്‍,  ഇനിയെങ്കിലും പണി വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ്.  

വഴയില–പഴകുറ്റി നാല് വരിപ്പാതയിലെ വഴയില–കരകുളം റീച്ചിന്‍റെ പണി തുടങ്ങിയിട്ട് വര്‍ഷം ഒന്ന് കഴിയുന്നു. പതിനെട്ട് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച പണി എങ്ങുമെത്തിയിട്ടില്ല. പൊടിയും ഗതാഗതക്കുരുക്കുമായി പ്രദേശവാസികള്‍ അനുഭവിക്കുന്നത് കനത്ത ദുരിതമാണ്. 

ഗതാഗത നിയന്ത്രണമില്ലാതെയുള്ള റോഡ് പണി ഉടനെങ്ങും പൂര്‍ത്തിയാകില്ലെന്ന തിരിച്ചറിവില്‍ ഒടുവില്‍ അധികൃതരെത്തി. അങ്ങനെയാണ് മന്ത്രി ജി.ആര്‍ അനിലിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ–രാഷ്ട്രീയ പാര്‍ട്ടി യോഗത്തില്‍ ഗതാഗത നിയന്ത്രണത്തിന് തീരുമാനമെടുത്തത്. ഇത് പ്രകാരം, നാളെ മുതല്‍ മോട്ടുമ്മൂല പണി നടക്കുന്ന ഭാഗത്ത് 3 മീറ്റര്‍ വീതിയില്‍ ചെറിയ വാഹനങ്ങള്‍ മാത്രം കടത്തിവിടും.

 നെടുമങ്ങാട്–വേങ്കോട്–മുക്കോല വഴി വരുന്ന കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ഏണിക്കര–നെടുമ്പാറ–കല്ലയം–പള്ളിമുക്ക്–വഴിയില വഴി പേരൂര്‍ക്കട ഭാഗത്തേക്കും തിരിച്ചും കടത്തിവിടും. വഴയില–ആറാംകല്ല് ഭാഗം വരെ വാഹന നിയന്ത്രണം ഉണ്ടാകില്ല. മൂന്നാഴ്ചയ്ക്ക് ശേഷം സ്ഥതിഗതികള്‍ പരിശോധിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും യോഗം തീരുമാനിച്ചു. 

ENGLISH SUMMARY:

Thiruvananthapuram road construction on the Vazhayila-Karakulam stretch is facing significant delays, prompting new traffic control measures starting today. Residents are hopeful that these implemented controls will expedite the much-anticipated completion of the four-lane highway.