എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

യുവാവിനെ തേടി തലസ്ഥാനത്ത് എത്തിയ വിദേശ വനിത ജീവനൊടുക്കാന്‍ ശ്രമിച്ചു. ശ്രീലങ്കൻ സ്വദേശിനിയാണ് അമിത അളവില്‍ പാരസെറ്റമോൾ ഗുളികകള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതിയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെയാണ് ശ്രീലങ്കൻ യുവതി കഠിനംകുളം സ്വദേശിയായ യുവാവിനെ അന്വേഷിച്ച് തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തില്‍ ഇറങ്ങിയ യുവതി ടാക്സിയിൽ നേരെ കഠിനംകുളത്തെ യുവാവിന്റെ വീട്ടിലെത്തി. എന്നാല്‍ യുവതിയെ കാണാൻ വീട്ടുകാരോ യുവാവോ കൂട്ടാക്കിയില്ല. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ റൂം എടുക്കുകയും ഇന്ന് വൈകിട്ടോടെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാരാണ് യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതും വിവരം പൊലീസില്‍ അറിയിക്കുന്നതും. ആദ്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

അബുദാബിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന കഠിനംകുളം സ്വദേശിയായ യുവാവും ശ്രീലങ്ക സ്വദേശിനിയും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് വിവരം. എന്നാല്‍ യുവതി ഗർഭിണിയായ ശേഷം യുവാവ് നാട്ടിലേക്ക് കടന്നു കളഞ്ഞു. നാട്ടിലെത്തിയ യുവാവിനെ തേടി രണ്ടുതവണ യുവതി തിരുവനന്തപുരത്ത് എത്തിയിരുന്നു. ഒടുവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് യുവതിയുടെ ഗർഭച്ഛിദ്രം നടത്തുകയും ചെയ്തു.

വിവാഹിതനും മൂന്നു മക്കളുടെ പിതാവുമായ യുവാവും കുടുംബവും ചേർന്ന് പിന്നീട് യുവതിയെ നാട്ടിലേക്ക് പറഞ്ഞയച്ചു. പിന്നാലെ താനും എത്തിക്കോളാം എന്ന് പറഞ്ഞാണ് യുവതിയെ യുവാവ് പറഞ്ഞുവിട്ടത്. എന്നാല്‍ നാട്ടിലെത്തിയ യുവതി നിരവധി തവണ ഇയാളെ ഫോൺ ചെയ്തെങ്കിലും എടുത്തില്ല. തുടർന്നായിരുന്നു ഇന്നലെ യുവതി തലസ്ഥാനത്ത് എത്തിയത്. സംഭവത്തില്‍ യുവാവിന്റെ ഭാര്യയും ഇന്നലെ കഠിനംകുളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ENGLISH SUMMARY:

A Sri Lankan national is currently in critical condition at the Thiruvananthapuram Medical College Hospital following a suicide attempt involving an overdose of medication. The woman had traveled to Kerala to locate a man from Kadinamkulam with whom she had previously worked and maintained a romantic relationship in Abu Dhabi. Upon her arrival, she reportedly visited the man’s family home, but they refused to meet her, leading her to check into a local hotel where the incident occurred. Reports indicate that the couple’s history includes a pregnancy, a subsequent forced abortion in a private hospital, and the man’s decision to return to his existing family in Kerala. Despite promises of a reunion, the man allegedly cut off all communication, prompting the woman's desperate journey to the capital. Meanwhile, the man's wife has filed a formal complaint with the Kadinamkulam police, adding a complex legal dimension to this tragic situation.