പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തിയതോടെ തിരുവനന്തപുരം നഗരത്തിലാകെ ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങളും തുടങ്ങി. ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റിന്റെ അംബാ പുരസ്കാരം ഏറ്റുവാങ്ങിയ നടന്‍ മോഹന്‍ലാല്‍, ആറ്റുകാല്‍ അമ്മയുടെ ഭക്തയായിരുന്ന അമ്മയെയും വിവാഹത്തെയും ഓര്‍ത്തെടുത്തു.
തലസ്ഥാനം പൊങ്കാല മൂഡിലായിക്കഴിഞ്ഞു. സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രത്തിലേക്ക് ഭക്തജനത്തിരക്കും തുടങ്ങി. കുട്ടികളുടെ കുത്തിയോട്ട വൃതം ഇന്ന് തുടങ്ങും.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം നടന്‍ മോഹന്‍ലാല്‍ നിര്‍വഹിച്ചു. ക്ഷേത്ര ട്രസ്റ്റിന്റെ അംബാ പുരസ്കാരവും നടന്‍ ഏറ്റുവാങ്ങി. ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടന്ന തന്റെ വിവാഹത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച മോഹന്‍ലാല്‍, 36 വര്‍ഷം കഴിഞ്ഞ ദാമ്പത്യവും അമ്മയുടെ അനുഗ്രഹമാണെന്ന് പറഞ്ഞു. അടുത്തിടെ വിടവാങ്ങിയ അമ്മയുടെ ഓര്‍മകളും നടന്‍ പങ്കുവച്ചു.