വർണം നിറച്ചും വിനോദമൊരുക്കിയും മതസൗഹാർദത്തിന്റെ സന്ദേശവുമായി ട്രിവാൻഡ്രം ഫെസ്റ്റ്. ക്രിസ്മസ്, പുതുവൽസര ആഘോഷത്തിന്റെ നിറവൊരുക്കിയാണ് പാളയം LMS മൈതാനിയിൽ മേള സംഘടിപ്പിച്ചിട്ടുള്ളത്. അയ്യായിരത്തിലേറെ വൈദ്യുത നക്ഷത്രങ്ങൾ കണ്ണ് ചിമ്മുന്നിടത്ത് നൂറ്റി മുപ്പത് അടിയിലേറെ ഉയരമുള്ള ക്രിസ്മസ് ട്രീയാണ് വൈവിധ്യങ്ങളിൽ പ്രധാനം.
തിളങ്ങി, തിളങ്ങി ആകാശത്തും മനസിലും പ്രകാശം പരത്തുന്ന നക്ഷത്രങ്ങൾ. ദീപാലങ്കാര മനോഹാരിതയിൽ ഓരോയിടത്തും വൈവിധ്യം നിരക്കും. ക്രിസ്മസ് പാപ്പയ്ക്കുമുണ്ട് ഇരുപതടി ഉയരം. നൂറ്റി മുപ്പതിലേറെ അടി ഉയരത്തിൽ ആകാശം തൊടാൻ പാകത്തിൽ ഒരുക്കിയിട്ടുള്ള ക്രിസ്മസ് ട്രീ ആരെയും അതിശയിപ്പിക്കും. മതസൗഹാർദം, മാനവികത, സ്നേഹ സമ്പന്നമായ കൂട്ടായ്മ അങ്ങനെ നീളുന്നു ഫെസ്റ്റിൻ്റെ സന്ദേശം.
വൈകുന്നേരങ്ങളിലെ വ്യത്യസ്ത കലാവിരുന്നിൽ മികവാർന്ന കലാകാരൻമാരുടെ നിരയുണ്ടാവും. ക്രിസ്മസ് രാവിനും പുതുവൽസരാഘോഷത്തിനും തലസ്ഥാന നഗരിയിലുള്ളവർക്ക് ഹൃദ്യമായ അനുഭവമാകും. കുരുന്നുകൾക്ക് വേണ്ടിയുള്ള വ്യത്യസ്ത കലാരൂപങ്ങളും മേളയുടെ ഭാഗമാണ്. എം.വി.ഗോവിന്ദൻ, എം.എം.ഹസൻ, വി.വി.രാജേഷ്, വിവിധ വൈദിക ശ്രേഷ്ഠർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. സി.എസ്.ഐ ദക്ഷിണ കേരള മഹാ ഇടവകയും, ആക്സ് ഉൾപ്പെടെ വിവിധ സംഘടനകളും വിനോദ സഞ്ചാര വകുപ്പും സംയുക്തമായാണ് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്.