organ-donation

TOPICS COVERED

തിരുവനന്തപുരത്ത് 12 പേർക്ക് പുതുജീവനേകി രണ്ടു പേരുടെ അവയവദാനം നടന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ മസ്തിഷ്ക മരണം സംഭവിച്ച എട്ടുവയസ്സുകാരന്റെയും 53 വയസുകാരന്റേയും അവയവങ്ങളാണ് ദാനം ചെയ്തത്. വൃക്കകളിൽ ഒന്ന് ട്രെയിൻ മാർഗ്ഗം കോഴിക്കോട് എത്തിച്ച് അവയവ മാറ്റം നടത്തി. 

തീവ്ര ദുഃഖത്തിനിടയിലും രണ്ടു കുടുംബങ്ങളുടെ മഹാദാനം, അതിലൂടെ 12 കുടുംബങ്ങൾക്ക് പുതു വെളിച്ചം. 7 പേർക്ക് പുതുജീവനേകിയാണ്  8 വയസുകാരൻ  ദേവപ്രയാഗ് മടങ്ങുന്നത്. കഴിഞ്ഞ ദിവസം കൊല്ലം നിലമേൽ വച്ച് ശബരിമല തീര്‍ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചാണ് ദേവ പ്രയാഗിന്  ഗുരുതരമായി പരുക്കേറ്റത്. ദേവപ്രയാഗിൻ്റെ അച്ഛൻ ബിച്ചു  ചന്ദ്രനും സുഹൃത്ത് സതീഷും അപകടത്തിൽ മരിച്ചിരുന്നു. കുട്ടിക്ക് മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ ബന്ധുക്കൾ അവയവദാനത്തിന് തയ്യാറാവുകയായിരുന്നു. 20 വയസ്സിൽ താഴെയുള്ള ഏഴു പേർക്ക് ദേവപ്രയാഗിന്റെ അവയവങ്ങൾ മാറ്റിവയ്ക്കും. 

തലച്ചോറിൽ ഉണ്ടായ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ കഴിയുമ്പോഴാണ് കവടിയാർ സ്വദേശി ദിവാകർ എസ്. രാജേഷിന് മസ്തിഷ്കമരണം  സംഭവിക്കുന്നത്. ദിവാകറിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്. വൃക്കകളിൽ ഒന്ന് വന്ദേ ഭാരതിൽ കോഴിക്കോട് എത്തിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് മാറ്റിവെച്ചു. അവയവങ്ങൾ സ്വീകരിച്ചവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്. ഈ വർഷം ഇതുവരെ 23 പേരുടെ കുടുംബങ്ങളാണ് മഹാദാനത്തിന് തയാറായത്. 

ENGLISH SUMMARY:

Organ donation in Kerala saved 12 lives through the altruistic act of two families. Following brain death, the organs of an eight-year-old and a 53-year-old were donated, providing a new lease on life for multiple recipients.