ശശി തരൂര്‍ മുതല്‍ ഡി.ജി.പി വരെയുള്ള പ്രമുഖര്‍ വോട്ട് ചെയ്യുന്ന തലസ്ഥാനത്തെ വി.ഐ.പി വാര്‍ഡാണ് വഴുതക്കാട്. ഹാട്രിക് വിജയം തേടുന്ന മുന്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറിനെ അട്ടിമറിക്കാനായി ബി.ജെ.പിയും കോണ്‍ഗ്രസും പൊരുതുന്നതോടെ ത്രികോണ മല്‍സരം കടുത്തു. വാര്‍ഡ് പുനര്‍വിഭജനത്തില്‍ ഉണ്ടായ മാറ്റങ്ങളാവും ഇവിടെ ഇത്തവണ വിധി കുറിക്കുക.
ഓരോ വീടും വീട്ടുകാരെയും അടുത്ത അറിയാം രാഖി രവികുമാറിന്. പത്ത് വര്‍ഷമായി വഴുതക്കാടിന്‍റെ കൗണ്‍സിലര്‍. രണ്ട് തവണ മല്‍സരിച്ചവര്‍ക്ക് സീറ്റില്ലായെന്ന മാനദണ്ഡത്തില്‍ ഇളവ് നല്‍കി സിപിഐ മല്‍സരിപ്പിക്കുന്ന ഏക സ്ഥാനാര്‍ഥി. തുടര്‍ച്ചയായ മല്‍സരം വോട്ടര്‍മാര്‍ക്ക് മടുപ്പുണ്ടാക്കുമെന്ന വിമര്‍ശനം തള്ളി വികസനം പറഞ്ഞ് വോട്ട് തേടുന്നു.
2015ല്‍ മല്‍സരിച്ച ലതാ ബാലചന്ദ്രനെ വീണ്ടും ഇറക്കുമ്പോള്‍ വാര്‍ഡിലെ സൗഹൃദങ്ങളാണ് ബി.ജെ.പിയുടെ ലക്ഷ്യം. പാര്‍ട്ടി വോട്ട് ഉറപ്പിക്കാന്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പ്രചാരണത്തിനും ഇറങ്ങുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് നീതു വിജയനെ ഇറക്കിയതോടെ വാര്‍ഡിലെ പഴയ കരുത്ത് വീണ്ടെടുത്തെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. വാര്‍ഡിലെ പ്രശ്നങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് വോട്ട് തേടുന്നു.
നിലവിലെ വോട്ട് നിലനിര്‍ത്തിയാല്‍ വിജയിക്കാമെന്ന് എല്‍.ഡി.എഫ് വിശ്വസം. എല്‍.ഡി.എഫിന് എപ്പോഴും നൂറിലേറെ വോട്ടുകളുടെ ലീഡ് നല്‍കിയിരുന്ന ഒരു ബൂത്ത് ഒഴിവാക്കി. ഇത് ആര്‍ക്ക് അനുകൂലമാകുന്നോ അവര്‍ തലസ്ഥാനത്തെ വി.ഐ.പി വാര്‍ഡിന്‍റെ കൗണ്‍സിലറാവും.