ചലച്ചിത്ര വികസന കോർപറേഷന്റെ തീയേറ്ററുകളിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ചോർന്നതിനെക്കുറിച്ച് അന്വേഷിക്കാൻ സമിതി രൂപീകരിച്ചു. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ദൃശ്യങ്ങൾ ശേഖരിക്കുന്നതിലെ പഴുതുകൾ അടയ്ക്കാനുള്ള നടപടികളും ഉടൻ സ്വീകരിക്കും.
തീയേറ്ററിനുള്ളിലെ ഇൻഫ്രാറെഡ് ക്യാമറ പകർത്തിയ പുരുഷന്റെയും സ്ത്രീയുടെയും ദൃശ്യങ്ങളാണ് അശ്ലീല വെബ്സൈറ്റിൽ പ്രചരിച്ചത്. 2023 ഡിസംബർ 10-ന് പതിഞ്ഞ ദൃശ്യങ്ങളാണിവ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനി ഇത് എങ്ങനെയാണ് പുറത്തായത് എന്നാണ് അറിയേണ്ടത്. തീയേറ്ററിൽ നിന്നാണോ ചോർന്നത് എന്നറിയാനാണ് ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചത്. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്ന ഡിജിറ്റൽ വിഡിയോ റെക്കോർഡർ ഉൾപ്പെടെ അറ്റകുറ്റപ്പണിക്കായി നൽകാറുണ്ട്. ആ വഴിക്കാണോ ദൃശ്യങ്ങൾ പുറത്തായതെന്നും അന്വേഷിക്കും. നെറ്റുമായി ബന്ധമുള്ളതിനാൽ ക്ലൗഡിൽ നിന്നാണോ ചോർന്നത് എന്നറിയാൻ സൈബർ പൊലീസിന്റെ അന്വേഷണത്തിൽ മാത്രമേ അറിയാനാകൂ. രാജ്യത്തെ വിവിധ തീയേറ്ററുകളിലെ ഇത്തരം ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ ഉണ്ടെങ്കിലും സർക്കാർ തീയേറ്ററുകളിലെ ദൃശ്യചോർച്ചയെക്കുറിച്ച് മാത്രം തീയേറ്ററുകളുടെ പേര് സഹിതം പ്രചരിച്ചതിലും ദുരൂഹതയുണ്ടെന്ന് കെഎസ്എഫ്ഡിസി സംശയിക്കുന്നു.
ആഭ്യന്തര സമിതിയുടെയും സൈബർ പൊലീസിന്റെയും അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന സംവിധാനങ്ങൾ കുറ്റമറ്റതാക്കാനുള്ള നടപടികളിലേക്ക് ചലച്ചിത്ര വികസന കോർപറേഷൻ കടക്കും.