ഇത്തവണ  ഒട്ടേറെ താരങ്ങളാണ് ആറ്റുകാല്‍ദേവിക്ക് പൊങ്കാല സമര്‍പ്പിച്ചത്. എല്ലാ പൊങ്കാലയ്​ക്കും മുടങ്ങാതെ എത്തുന്ന ചിപ്പി മുതല്‍ അദിതി രവി, മീര അനിൽ, റിയ ഷിബു, സ്നിഷ, ആനി, ബീന ആന്‍റണി തുടങ്ങിയവരെല്ലാം  ചടങ്ങിനെത്തി.  പിന്നാലെ ഓണ്‍ലൈന്‍ മീഡിയകളില്‍ താരങ്ങളില്‍ ചിലരുടെ മോശം ആംഗിളിലുള്ള  വിഡിയോകളും ചിത്രങ്ങളുമാണ് പ്രചരിച്ചത്. കൂട്ടത്തില്‍ നടി അന്ന രാജന്‍റെ വിഡിയോകള്‍ക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ചിലര്‍ ക്യാമറ ആംഗിളുകള്‍ക്കെതിരെ  വിമര്‍ശനം ഉന്നയിച്ചപ്പോള്‍ അന്ന രാജനെതിരെയായിരുന്നു ഒരു വിഭാഗം വിമര്‍ശനം ഉന്നയിച്ചത്. 

വിമര്‍ശനങ്ങള്‍ കടുത്തതോടെ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അന്ന. പൂര്‍ണ ഭക്തിയോടെയാണ് താന്‍ പൊങ്കാല അര്‍പ്പിച്ചതെന്നും ഭക്തരുടെ വികാരം വ്രണപ്പെട്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും അന്ന പറഞ്ഞു. കൈകൂപ്പി കണ്ണീരോടെ പറയട്ടെ, ആറ്റുകാല്‍ അമ്മയുടെ തിരുവടികളില്‍ പൊങ്കാല അര്‍പ്പിക്കുന്നത് എന്‍റെ ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു. ശുദ്ധമായ ഭക്തിയോടെ മാത്രമാണ് ഞാൻ അവിടെ എത്തിയിരുന്നത്. കടുത്ത ചൂടിനിടയില്‍ നിന്നുകൊണ്ട്, വിറക് ഉപയോഗിച്ച് പാകം ചെയ്തത്, ഹൃദയം നിറഞ്ഞ വിശ്വാസത്തോടെയും അമ്മയുടെ നാമം ജപിച്ചുകൊണ്ടുമായിരുന്നുവെന്നും അന്ന പറഞ്ഞു. 

ഈ പുണ്യനിമിഷത്തിനിടയില്‍ ചില അനാവശ്യമായ വിഡിയോകളും ദൃശ്യങ്ങളും പകര്‍ത്തപ്പെടുകയും പങ്കുവക്കപ്പെടുകയും ചെയ്തു. എന്റെ ചുറ്റുമുണ്ടായിരുന്ന എല്ലാവരെയും, മാധ്യമങ്ങളെയും ഉള്‍പ്പെടെ, ഞാൻ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്നത്തെ ചില നിമിഷങ്ങള്‍ ആ ദിവസത്തിന്‍റെ ഭക്തിയെ എടുത്തുകളയുന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടത് എന്നെ വളരെ വേദനിപ്പിച്ചു.

എന്‍റെ സാരിയോ എന്‍റെ മുഖഭാവങ്ങളോ അല്ലെങ്കില്‍ എന്നെക്കുറിച്ചുള്ള എന്തെങ്കിലും കാര്യങ്ങള്‍ ഏതെങ്കിലും ഭക്തരുടെ വികാരങ്ങളെ  വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍, അതിന് ഹൃദയം നിറഞ്ഞ് ക്ഷമ ചോദിക്കുന്നു. അതൊന്നും എന്‍റെ ഉദ്ദേശ്യമല്ലായിരുന്നു. അമ്മയ്ക്ക് എന്റെ ഹൃദയം അറിയാം. ആ ചൂടും, അതിലെ പ്രതിസന്ധികളും, ആ പ്രാര്‍ത്ഥനകളും, എന്റെ പുഞ്ചിരിക്ക് പിന്നിലെ ആത്മാര്‍ഥതയും എല്ലാം അമ്മക്കറിയാം. ആ സത്യം മതി എനിക്ക്. ആറ്റുകാല്‍ അമ്മയുടെ വിനീതയായൊരു ഭക്തയായി, എല്ലാം അവിടുത്തെ തിരുവടികളില്‍ സമര്‍പ്പിച്ചുകൊണ്ട് ഞാൻ എന്നും നിലകൊള്ളും, അന്ന സമൂഹമാധ്യമത്തില്‍ കുറിച്ചു. 

ENGLISH SUMMARY:

Actress Anna Rajan has issued a heartfelt clarification following a controversy surrounding her participation in the Attukal Pongala. Her explanation addresses the social media criticism and emphasizes her devotional intent during the sacred ritual, expressing regret if any actions were misconstrued and hurt devotees' sentiments.