പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥിനികളുടെ ഉന്നമനത്തിനായി നിര്‍മിച്ച തിരുവനന്തപുരം തോന്നയ്ക്കൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിന്‍റെ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം കഴിഞ്ഞ് രണ്ടരവര്‍ഷം കഴിഞ്ഞിട്ടും സ്കൂള്‍ കെട്ടിടം കാട് പിടിച്ച് നശിക്കുന്നത് മനോരമ ന്യൂസ് വാര്‍ത്തയാക്കിയതിന് പിന്നാലെ മന്ത്രി ഒ ആര്‍ കേളു ഇടപെട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
നവംബര്‍ മാസത്തില്‍ ഒരു പ്രവേശനോത്സവം. തോന്നയ്ക്കല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഇന്നലെയായിരുന്നു ആ പ്രത്യേക പ്രവേശനോത്സവം. അഞ്ചാം ക്ലാസില്‍ 6 പെണ്‍കുട്ടികള്‍ പഠിക്കാനെത്തി. അവര്‍ക്ക് പഠിക്കാന്‍ സ്മാർട്ട് ക്ലാസ് മുറികൾ, ലാംഗ്വേജ് ലാബ്, മികച്ചപഠനാന്തരീക്ഷം എല്ലാമുണ്ട്. അധ്യാപകരടക്കം താമസിച്ച് പഠനം നടത്തുന്ന സ്കൂള്‍. ഭക്ഷണം,വസ്ത്രം,താമസം, പാഠപുസ്തകങ്ങൾ, ട്യൂഷൻ, ആരോഗ്യ പരിരക്ഷ തുടങ്ങി എല്ലാ സൗകര്യങ്ങളും സൗജന്യമായി നൽകും.
കെട്ടിട നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനവും നടത്തി രണ്ടര വർഷം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാത്തത് മനോരമ ന്യൂസ് ഒരു മാസം മുൻപ് വാർത്തയാക്കിയിരുന്നു. തുടർന്ന് മന്ത്രി ഒ. ആർ. കേളു സ്കൂൾ തുറക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കുവാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കിഫ്ബി ഫണ്ടിൽ നിന്നും 17 കോടിയോളം രൂപ ചെലവഴിച്ച് 2022 ൽ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയിരുന്നു. രണ്ടരവര്‍ഷം കെട്ടിടം കാട് കയറിക്കിടന്നു. അടുത്ത അധ്യയന വർഷത്തിൽ പ്ലസ് ടു വരെ മുഴുവൻ ക്ലാസുകളിലും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കും.