തലസ്ഥാനത്ത് 200 കോടി രൂപ ചെലവിട്ട് നിർമിച്ച സ്മാർട്ട് റോഡുകളുടെ പൊളിക്കൽ തുടരും. കിള്ളിപ്പാലം അട്ടക്കുളങ്ങര സ്മാർട്ട് റോഡിന് പിന്നാലെ, സ്മാർട്ടായ മറ്റൊരു റോഡ് കൂടി പൊളിക്കാൻ അനുമതിയായി. തൈയ്ക്കാട് നോർക്ക- ഗാന്ധിഭവൻ റോഡാണ് കുത്തിപ്പൊളിക്കലിന് തയാറെടുക്കുന്നത്. തട്ടിക്കൂട്ടി പണി നടത്തി ഉദ്ഘാടനം ചെയ്തതാണ് കുത്തിപ്പൊളിക്കലിന് വഴിവച്ചതെന്നാണ് ആക്ഷേപം.
സ്മാർട്ട് റോഡുകളെക്കുറിച്ച് പറയുമ്പോൾ നാലുമാസം മുൻപ് നടന്ന ഉദ്ഘാടനം ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത് കണ്ട് തന്നെ തുടങ്ങണം. 33 കോടി രൂപ ചെലവിട്ട് നിർമ്മിച്ച അട്ടക്കുളങ്ങര- കിള്ളിപ്പാലം റോഡ് കഴിഞ്ഞദിവസം പൊളിച്ചപ്പോൾ ഈ വാക്കും കൂടി പൊളിഞ്ഞത്. പൊട്ടിയ സുവീജ് പൈപ്പ് നന്നാക്കി ഇന്നലെ കുഴിമൂടിയെങ്കിലും റോഡിന്റെ സ്മാർട്ട്നെസ് പോയി. ചെളിക്കുളമായി.
ഇതുകൊണ്ട് അവസാനിക്കുന്നില്ല. ഇതേ പോലെ കോടികൾ ചെലവിട്ട നോർക്ക-ഗാന്ധി ഭവൻ റോഡാണ് പൊളിക്കലിന് തയാറെടുക്കുന്ന അടുത്ത സ്മാർട്ട് റോഡ്. കെ.എസ്.ഇ.ബിയുടെ കേബിളുകൾ സ്ഥാപിക്കുന്നതിനാണ് പൊളിക്കുന്നത്. ഉദ്ഘാടനത്തിന് മുൻപ് കേബിളുകൾ ഭൂമിക്കടയിലേക്ക് മാറ്റാൻ സമയം ലഭിച്ചില്ലെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. കാര്യങ്ങൾ അവിടെയും അവസാനിക്കില്ലെന്ന് ഉറപ്പായി. ടാറിങ് നടത്തുന്നതിന് മുൻപ് അറ്റക്കുറ്റപ്പണി നടത്താൻ ജല അതോറിറ്റിക്ക് പണം അനുവദിച്ചെങ്കിലും അവർ പഴയ പൈപ്പുകൾ മാറ്റിയില്ലെന്നാണ് റോഡ് ഫണ്ട് ബോർഡിന്റെ വാദം. ഇത് ജല അതോറിറ്റി നിഷേധിച്ചിട്ടുണ്ട്. വകുപ്പുകൾ പരസ്പരം പഴിചാരുമ്പോൾ ഒരു കാര്യം മറക്കരുത്. റോഡ് പൊളിക്കൽ വെറുതേയല്ല. പോക്കറ്റ് നിറയ്കക്കുന്ന ഏർപ്പടാണ്.