മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം ഉമ്മൻ ചാണ്ടി ഫൗണ്ടേഷനും മന്ന ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടത്തുന്ന ഉമ്മൻ ചാണ്ടി മെമ്മോറിയൽ നാഷണൽ പുരുഷ ടെന്നീസ് റാങ്കിംഗ് ടൂർണമെന്‍റിന് തുടക്കമായി. തിരുവനന്തപുരം ടെന്നീസ് ക്ലബിൽ ആണ് മത്സരങ്ങൾ. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ 32 പേരാണ് ടൂർണമെന്‍റിൽ മാറ്റുരയ്ക്കുന്നത് .
ട്രിവാൻഡ്രം ടെന്നീസ് ക്ലബിൽ നടന്ന ചടങ്ങിൽ കായിക മന്ത്രി വി അബ്ദുറഹ്മാൻ ടൂർണമെൻ്റിൻ്റെ ഔപചാരിക ഉൽഘാടനം നിർവഹിച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ., മന്ന ചാരിറ്റബിൾ ട്രസ്റ്റ് ട്രസ്റ്റി മറിയാമ്മ ഉമ്മൻ, മാനേജിംഗ് ട്രസ്റ്റി ഡോ. മറിയ ഉമ്മൻ ടെന്നീസ് ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. കളിക്കാർ ധരിക്കുന്ന ജേഴ്‌സിയുടെ പ്രകാശനവും ശ്രീ ചിത്ര സ്റ്റേറ്റ് റാങ്കിംഗ് ടൂർണമെൻ്റിന് ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നൽകുന്ന എവർ റോളിംഗ് ട്രോഫി ഡിസൈൻ പ്രകാശനവും മന്ത്രി നിർവഹിച്ചു. തുടർന്ന് മന്ത്രി വി അബ്ദുറഹ്മാനും ചാണ്ടി ഉമ്മനും റാക്കറ്റുമായി കോർട്ടിലേക്ക്.
ശനി ഞായർ ദിവസങ്ങളിലായി നടന്ന യോഗ്യത മത്സരങ്ങളിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും 52 പേർ പങ്കെടുത്തിരുന്നു. അതിൽ വിജയിച്ച 8 കളിക്കാർ ഉൾപ്പെടെ 32 കളിക്കാരാണ് ടൂർണമെൻ്റിൻ്റെ പ്രധാന റൗണ്ടുകളിൽ മത്സരിക്കുന്നത്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കളിക്കാരും ഇതിൽ ഉൾപ്പെടുന്നു. ഒക്ടോബർ പത്ത് വെള്ളിയാഴ്ചയാണ് ഫൈനൽ.