തിരുവനന്തപുരം ജില്ലയിലെ തന്നെ പ്രധാന കുടിവെള്ള സ്രോതസുകളിലൊന്നായ വാമനപുരം നദിയിൽ മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച നിലയിൽ. ജലജന്യ രോഗങ്ങൾ പടരാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും അധികൃതർക്ക് കുലുക്കമില്ല.
പ്ലാസ്റ്റിക് മാലിന്യങ്ങൾ , തടികൾ, മുളകൾ ശുദ്ധമായ വെള്ളം ഒഴുകിയിരുന്ന നദി ഇപ്പോൾ മാലിന്യ കൂന. നീരൊഴുക്ക് നിലച്ച നിലയിൽ . മാസങ്ങൾക്ക് മുൻപുണ്ടായ ശക്തമായ കാറ്റിലും മഴയിലും നദിയുടെ ഇരു ഭാഗങ്ങളിലുമുള്ള മരങ്ങളും മുളകളും ഒടിഞ്ഞുവീണിരുന്നു. ഇതും ഒഴുക്ക് തടസപ്പെടുത്തി. മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്ന നദീഭാഗത്തിന് സമീപത്തായാണ് പമ്പ് ഹൗസുകൾ പ്രവർത്തിക്കുന്നത്. ഇവിടെനിന്നാണ് ജലം ശുദ്ധീകരിച്ച് തീരദേശ മേഖലയായ അഞ്ചുതെങ്ങ്, വർക്കല എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നത്. ഈ ജലമാണ് നാട്ടുകാർ കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതും . മാലിന്യം മൂടി തുടങ്ങിയതോടെ കടത്തു വഞ്ചി ആശ്രയിക്കുന്നവർക്കും പ്രതിസന്ധിയാണ് .കൂടാതെ രാത്രിയുടെ മറവിൽ ചാക്കിൽ കെട്ടി വലിച്ചെറിയുന്ന മാംസാവശിഷ്ടങ്ങളും ജനജീവിതം ദുസഹമാക്കുന്നു.
ആറ്റിങ്ങൽ നഗരസഭയിലും ഇറിഗേഷൻ വിഭാഗത്തിലുമെല്ലാം നാട്ടുകാർ പരാതി നല്കിയെങ്കിലും ഒരനക്കവുമില്ല. ഇനിയും പരിഹാരം ഉണ്ടായില്ലെങ്കിൽ നഗരസഭയും ജല അതോറിറ്റി ഓഫീസും ഉപരോധിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ.