യാത്രക്കായി എം.സി റോഡിനെ ആശ്രയിക്കുന്നവര്‍ ജാഗ്രതൈ. തിരുവനന്തപുരം വെഞ്ഞാറമൂട് ജംക്ഷനില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം. ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് സ്വകാര്യ വാഹനങ്ങള്‍ക്കും കെ.എസ്.ആര്‍.സി.ടിസി ഉള്‍പ്പെടെയുള്ള പൊതുവാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
തിരുവനന്തപുരത്ത് നിന്നും പത്തനംതിട്ട, കോട്ടയം ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യാന്‍ ആശ്രയിക്കുന്ന പ്രധാന റോഡാണ് എം.സി റോഡ്. എം.സി റോഡ് കടന്ന് പോകുന്ന പ്രധാന ജംക്ഷനുകളിലൊന്നാണ് വെഞ്ഞാറമൂട്. ഗതാഗതക്കുരുക്കിന് പ്രസിദ്ധമാണ് ജംക്ഷന്‍. അത് ഒഴിവാക്കാന്‍ മേല്‍പ്പാല നിര്‍മാണം തുടങ്ങിയത് അടുത്തിടെയാണ്. അതോടെ കുരുക്ക് രൂക്ഷമായി. ഓണത്തിരക്ക് കൂടി വരുന്നതോടെ ഗതാഗതം അസാധ്യമാകുമെന്ന് കണ്ടാണ് വാമനപുരം എം.എല്‍.എ ഡി.കെ മുരളിയുടെ നേൃത്വത്തില്‍ ചേര്‍ന്ന യോഗം ഇന്ന് മുതല്‍ അടുത്ത മാസം പത്ത് വരെ ഗതാഗത നിയന്ത്രണം തീരമാനിച്ചത്. നിയന്ത്രണങ്ങള്‍ ഇങ്ങനെ.
കൊട്ടാരക്കര ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് സഫാരി ഹോട്ടല്‍ കഴിഞ്ഞ് സ്റ്റോപ്പ്. മറ്റ് വാഹനങ്ങള്‍ അമ്പലമുക്ക് വഴി തിരിച്ചുവിടും. തിരുവനന്തപുരം ഭാഗത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് വെഞ്ഞാറമൂട് ഹൈസ്കൂളിന് സമീപമായിരിക്കും സ്റ്റോപ്പ്. മറ്റ് വാഹനങ്ങള്‍ പിരപ്പന്‍കോട് വഴി തിരിച്ചുവിടും. വെഞ്ഞാറമൂട് യാത്ര അവസാനിക്കുന്ന ബസുകള്‍ മാത്രമേ സ്റ്റാന്‍ഡില്‍ പ്രവേശിക്കാവൂ. സ്വകാര്യ ബസുകള്‍ പാകിസ്ഥാന്‍ മുക്കില്‍ നിര്‍ത്തി ആളുകളെ ഇറക്കി തിരിച്ചു പേകേണ്ടതാണ്.വെഞ്ഞാറമൂട് ജംക്ഷനില്‍ പാര്‍ക്കിങ്ങിന് നിരോധനം. പാര്‍ക്കിങ്ങിനായി ഗ്രൗണ്ട് ക്രമീകരിക്കും.