തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷയില്‍ എല്‍.ഡി.എഫും ബി.ജെ.പിയും. 52 സീറ്റ് വരെ നേടുമെന്ന് എല്‍.ഡി.എഫ് കണക്കുകൂട്ടുമ്പോള്‍ 45 സീറ്റുകള്‍ ഉറപ്പിക്കുകയാണ് ബി.ജെ.പി. എന്നാല്‍ 32 സീറ്റ് വരെ നേടി ഭരണം നിശ്ചയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനാകുമെന്നാണ് യു.ഡി.എഫിന്‍റെ വിലയിരുത്തല്‍. എന്നാല്‍ മുന്‍വര്‍ഷത്തേക്കാള്‍ പോളിങ് കുറഞ്ഞത് മൂന്ന് മുന്നണികളേയും പേടിപ്പിക്കുന്നുണ്ട്.
ശക്തമായ ത്രികോണ മല്‍സരമെന്ന പ്രതീതി പ്രചാരണത്തിലുണ്ടായിട്ടും തലസ്ഥാനത്തെ വോട്ടര്‍മാര്‍ അത്രയ്ക്കങ്ങ് ആവേശത്തിലായില്ല. പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പോളിങ്. 2020 മായി നോക്കുമ്പോള്‍ പതിനയ്യായിരത്തിലധികം വോട്ടിന്‍റെ കുറവ്. ഇത് ആര്‍ക്ക് പണിയാകുമെന്ന ആശങ്കയൊക്കെയുണ്ടെങ്കിലും മൂന്ന് മുന്നണികളും കണക്ക് കൂട്ടിക്കഴിഞ്ഞു. വോട്ടര്‍പട്ടികയെ കുറ്റം പറയുന്ന യു.ഡി.എഫ് ഒരുകാര്യം ഉറപ്പിച്ചു. ഭരണം കിട്ടില്ല. പക്ഷെ 2020ലെ പത്ത് സീറ്റെന്ന നാണക്കേടില്‍ നിന്ന് വന്‍കുതിച്ച് ചാട്ടമുണ്ടാകും. 20 സീറ്റ് ഉറപ്പ്. അടിയൊഴുക്കുകള്‍ കൂടി അനുകൂലമായാല്‍ 32 എന്നതുമാണ് പ്രതീക്ഷ. ശബരിനാഥന്‍റെ കവടിയാറില്‍ വിജയം ഉറപ്പിച്ചു. വോട്ടുവെട്ടല്‍ വിവാദമുണ്ടായ മുട്ടടയെന്ന ഇടത് കോട്ടയില്‍ വൈഷ്ണ അല്‍ഭുതം സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കു
ഇങ്ങിനെയൊക്കെ പറയുമ്പോളും പോളിങ് കുറഞ്ഞത് നേരിട്ട് ബാധിക്കുമോയെന്ന ആധി കൂടുതല്‍ ബി.ജെ.പിക്കാണ്. എങ്കിലും 42 സീറ്റില്‍ കുറയില്ലായെന്നാണ് പ്രതീക്ഷ. 54 വരെ എത്തിയാല്‍ അഭ്തുപ്പെടാനില്ലെന്നുമാണ് കണക്ക്. ശാസ്തമംഗലത്ത് ആര്‍.ശ്രീലേഖയുടെ വിജയം ഉറപ്പിക്കുന്ന ബി.ജെ.പി, ശബരിനാഥനെ അട്ടിമറിച്ച് കവടിയാര്‍ പിടിക്കുമെന്നും അവകാശപ്പെടുന്നു. 60 എന്ന് പരസ്യമായി പറയുമെങ്കിലും ഒറ്റക്ക് ഭരിക്കാനായി 53 സീറ്റ് കിട്ടുമെന്നാണ് എല്‍.ഡി.എഫിന്‍റെ ആദ്യ കണക്ക്. തിരിച്ചടിയുണ്ടായാല്‍ പോലും 45ല്‍ കുറയില്ലെന്നും. യു.ഡി.എഫ് പല വാര്‍ഡിലും വോട്ട് കൂട്ടുന്നത് ഗുണം ചെയ്യുമെന്നുമാണ് ഇടത് ക്യാംപിന്‍റെ കണക്ക്. വി.വി.രാജേഷിന്‍റെ കൊടുങ്ങാന്നൂരില്‍ ജയം കണക്കുകൂട്ടുന്ന സി.പി.എം മുട്ടടയില്‍ വൈഷ്ണ സുരേഷിനെ മുന്നൂറിലധികം വോട്ടിന് തറപറ്റിക്കുമെന്നും ഉറപ്പിക്കുന്നു. പക്ഷെ ശബരിയുടെ സീറ്റില്‍ അത്ര പ്രതീക്ഷവെക്കുന്നില്ല.