കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നുവീണ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അപകടാവസ്ഥയിലുള്ള സര്‍ക്കാര്‍ ആശുപത്രികളുടെയും സ്കൂളുകളുടെയും ലിസ്റ്റ് എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആശുപത്രികളും സ്കൂളുകളും മാത്രമല്ല മറ്റനവധി സര്‍ക്കാര്‍ കെട്ടിടങ്ങളും അപകട ഭീഷണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരമൊരു കെട്ടിടമാണ് കഴക്കൂട്ടത്തെ സബ് രജിസ്ട്രാര്‍ ഓഫീസ്. ഏത് നിമിഷവും നിലംപൊത്തി വന്‍ അപകടത്തിന് കാത്തിരിക്കുകയാണ് ഐടി നഗരത്തിലെ ഈ ഓഫീസ്.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പുതിയ പെയ്ന്‍റൊക്കെ അടിച്ച് മുഖം മിനുക്കിയിട്ടുണ്ട്. അകത്ത് കയറി നോക്കിയാലാണ് അവസ്ഥ മനസ്സിലാവുക. ഇതുകൊണ്ടൊന്നും മഴ വെള്ളം തടയാന്‍ കഴിയാതായതോടെ മേല്‍ക്കൂരക്ക് മുകളിലും ഷീറ്റ്. ഓഫീസിന്‍റെ പിന്‍ഭാഗത്ത് പോയാല്‍ കെട്ടിടത്തിന്‍റെ ശോചനീയാവസ്ഥയുടെ ചിത്രം പൂര്‍ണമാകും. മഴവെള്ളം ചോര്‍ന്ന് സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന പ്രമാണങ്ങള്‍ ഉള്‍പ്പെടേ പഴയ രേഖകള്‍ പലതും നശിച്ചു. മേനംകുളം സ്വദേശി ശ്രീലാല്‍ തന്‍റെ കുടുംബ ഭൂമിയുടെ പ്രമാണത്തിന്‍റെ പകര്‍പ്പ് തേടിയപ്പോഴാണ് ഇക്കാര്യം വെളിച്ചത്താകുന്നത്.
പൊളിഞ്ഞ് വീഴാറായ ഈ കെട്ടിടത്തിന്‍റെ തൊട്ടടുത്ത് തന്നെ ഒരു കോണ്‍ക്രീറ്റ് കെട്ടിടം കാണാം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് എം.എ വാഹിദ് എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് നിര്‍മിച്ചതാണ് . 2016ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഏതാനും പണികള്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അവ പൂര്‍ത്തിയിക്കി പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റാന്‍ പത്ത് വര്‍ഷമായിട്ടും വാഹിദിന് ശേഷം എം.എല്‍.എയായ കടകംപള്ളി സുരേന്ദ്രന്‍ ഒരു ശ്രമവും നടത്തിയില്ല. ഒന്നാം പിണറായി സര്‍ക്കാരില്‍ കടകംപള്ളി സുരേന്ദ്രന്‍ മന്ത്രിയായിരുന്നു എന്ന് കൂടി ഓര്‍ക്കണം.
പത്ത് വര്‍ഷമായി ഉപേക്ഷിച്ച നിലയിലുള്ള കെട്ടിടം നിലവില്‍ ഉപയോഗ ശൂന്യമാണ്. കോട്ടയം മെഡിക്കല്‍ കോളജ് അപകടവും ഇവിടത്തെ ജീവനക്കാരുടെ നിരന്തര ഇടപെടലിനുമൊടുവില്‍ അറ്റകുറ്റപ്പണി നടത്തി പുതിയ കെട്ടിടം പ്രവര്‍ത്തന സജ്ജമാക്കാന്‍ ഒരുങ്ങുകയാണ്.
ആറ് മാസം കൊണ്ട് പുതിയ കെട്ടിടം നവീകരിച്ച് ഓഫീസ് അങ്ങോട്ടേക്ക് മാറ്റുമെന്നാണ് പറയുന്നത്. പത്ത് വര്‍ഷത്തെ അനാസ്ഥയ്ക്ക് കൊടുക്കുന്ന വിലയാണ് അറ്റകുറ്റപ്പണിക്ക് ഇപ്പോള്‍ ഭരണാനുമതി നല്‍കിയിരിക്കുന്ന 38 ലക്ഷം.