കടലോളം കണ്ണീര് കണ്ടിട്ടും രോഗാവസ്ഥ അറിയിച്ചിട്ടും നിക്ഷേപകരോട് കൈമലര്‍ത്തുകയാണ് സിപിഎം ഭരണസമിതിയുള്ള തിരുവനന്തപുരം നേമം സര്‍വീസ് സഹകരണ ബാങ്ക്. രോഗബാധിതയായ വെള്ളായണി സ്വദേശിനി ലളിതകുമാരിയുടെ കരുതിവച്ച സമ്പാദ്യമെല്ലാം നിക്ഷേപമായി സ്വീകരിച്ച് പിന്നീട് കിട്ടാക്കടമാക്കി മാറ്റി. ഗുരുതര രോഗത്തിനൊപ്പം അകാലത്തില്‍ നഷ്ടപ്പെട്ട മകളുടെ കുട്ടികളെ ഉള്‍പ്പെടെ സംരക്ഷിക്കാന്‍ മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ട സ്ഥിതിയാണ് ഈ എഴുപതുകാരിക്ക്.
മരുന്ന് വാങ്ങാന്‍ മനക്കണക്ക് കൂട്ടി കൂട്ടി കരുതിവച്ചതാണ്. ധൈര്യമായി നിക്ഷേപിക്കൂ ഏത് സമയത്തും തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ചവര്‍ കൈമലര്‍ത്തി. ഞങ്ങള്‍ അങ്ങനെ ഉറപ്പ് നല്‍കിയിരുന്നോ എന്ന് തിരികെ ചോദിക്കുന്ന അവസ്ഥയെത്തി. വാതവും ഇടുപ്പെല്ല് രോഗവും വല്ലാതെ തളര്‍ത്തുന്ന ലളിതകുമാരി രണ്ടര ലക്ഷത്തിനോടടുത്തുള്ള നിക്ഷേപത്തിനായി മുട്ടാത്ത വാതിലുകളില്ല. വയറെരിയാന്‍ വഴിയില്ലെന്ന് പറഞ്ഞാലും വരട്ടെ, കിട്ടുമ്പോള്‍ പതിയെ തരാമെന്നാണ് സിപിഎം ഭരണസമിതിയുടെ മറുപടി.
സങ്കടം ഇവിടെ തീരുന്നില്ല. കുടുംബ വഴക്കിനെത്തുടര്‍ന്ന് നടുറോഡില്‍ മരുമകന്‍ മകളെ കുത്തിവീഴ്ത്തി കൊലപ്പെടുത്തിയപ്പോള്‍ രണ്ട് കുഞ്ഞുങ്ങളുടെ സംരക്ഷണവും ഈ അമ്മയുടെ ഉത്തരവാദിത്തമായി. ബാങ്കിന്‍റെ മനുഷ്യത്വമില്ലായ്മ കാരണം കുട്ടികളുടെ പഠനവും പ്രതിസന്ധിയിലാണ്. മുന്നില്‍ ഇരുട്ടുവീഴുമ്പോള്‍ പിടിച്ച് നില്‍ക്കാനും പരസഹായം വേണമെന്ന സ്ഥിതിയാണ് ലളിതകുമാരിക്ക്. പണം നിക്ഷേപിക്കാന്‍ തോന്നിയ ദുര്‍ഗതിയില്‍ വിലപിക്കുന്ന നിക്ഷേപകരുടെ എണ്ണം ആയിരം കടക്കും. എല്ലാം ശരിയാകുമെന്ന് ഇവരോട് പറഞ്ഞാല്‍ ഒന്നും ശരിയാവില്ലെന്ന വാക്കിലൊതുക്കി പ്രതീക്ഷ നഷ്ടപ്പെട്ടവരെന്ന് സ്വയം മനസിനെ പഠിപ്പിക്കും.