കുടിവെള്ളം കാരണം ഭീതിയിൽ കഴിയുന്ന ഒരു ജനതയുണ്ട് തലസ്ഥാനത്ത്. ഉള്ളൂർക്കോണത്തെ ജലസംഭരണിയാണ് നാടിനെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. ടാങ്ക് നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്ന വെള്ളം കയറുന്നത് വീടുകളിലേക്കാണ്.
കുടിവെള്ളം കിട്ടാനില്ലെന്ന പരാതികൾക്കിടയിൽ തിരുവനന്തപുരം ചന്തവിള വാർഡി വില്ലൻ കുടിവെള്ളമാണ്. നാടിന് ഗുണമാകേണ്ട ഈ കുടിവെള്ള സംഭരണിയുടെ പ്രവർത്തനമാണ് ജനത്തെ വലയ്ക്കുന്നത്. ആറ്റിങ്ങൽ ഡിവിഷനിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളമാണ് ഇവിടെ നിറയുന്നത്. പമ്പിങ് കൃത്യസമയത്ത് നടക്കാത്തത് മൂലം പലപ്പോഴും ടാങ്ക് നിറഞ്ഞ് കവിഞ്ഞ് ഒഴുകും. അത് സമീപത്തെ വീടുകളിലേക്കും പറമ്പിലേക്കും ഒഴുകിയെത്തും. നാട്ടുകാർ കരഞ്ഞുവിളിച്ചാൽ പമ്പിങ് നിർത്തും. അതാണ് പതിവ്. വെള്ളം കയറി പല വീടുകൾക്കും കേടുപാടുകളുണ്ട്.ഇത് സിസിലിയുടെ വീടാണ്. ചുമരിന്റെ അടി ഭാഗം അടർന്നുതുടങ്ങി.
ജല അതോറിറ്റിയുടെ മേശപ്പുറത്ത് നാട്ടുകാരുടെ ഒരുപാട് പരാതികളുണ്ട്. അതുകൊണ്ട് ഇപ്പോഴാണ് പ്രശ്നം അറിഞ്ഞതെന്നൊന്നും പറയരുത്. പരിഹാരത്തിന് രണ്ടു വഴികൾ. ഒന്ന്. പമ്പിങ് കൃത്യസമയത്ത് നടത്തണം. രണ്ട്. ഓട നിർമിക്കണം.