anand-police-probe

തിരുവനന്തപുരം കോര്‍പറേഷനിലെ തൃക്കണ്ണാപുരം വാര്‍ഡില്‍ സീറ്റ് നല്‍കാമെന്ന് വിശ്വസിപ്പിക്കുകയും പിന്നീട് മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കിയതിലും മനംനൊന്ത് ആത്മഹത്യ ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ.തമ്പിയുടെ മരണത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ്. ആനന്ദിന്‍റെ  ബന്ധുക്കളില്‍ നിന്നും പ്രാഥമിക മൊഴി രേഖപ്പെടുത്തിയ പൂജപ്പുര പൊലീസ് ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളില്‍ നിന്നും വിവരം ശേഖരിക്കും. ആസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് വിശദമായ മൊഴിയുടെ അടിസ്ഥാനത്തില്‍ വകുപ്പില്‍ മാറ്റം വരുത്താനും ആലോചിക്കുന്നുണ്ട്. 

തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്രനായി മല്‍സരിക്കാന്‍ തീരുമാനിച്ച ആനന്ദ് കഴിഞ്ഞദിവസം ശിവസേനയില്‍ അംഗത്വമെടുത്ത് അവരുടെ പിന്തുണ കൂടി ഉറപ്പിക്കാനും ശ്രമിച്ചിരുന്നു. ഇതിനിടയില്‍ മല്‍സരത്തില്‍ നിന്നും പിന്മാറാന്‍ ആരുടെയെങ്കിലും ഭീഷണിയോ, സമ്മര്‍ദമോ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിക്കും. മണ്ണ് മാഫിയക്കാരായ നേതാക്കളില്‍ ചിലരുടെ സമ്മര്‍ദം കാരണമാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്ന ആരോപണമാണ് ആനന്ദിന്‍റെ ആത്മഹത്യാക്കുറിപ്പിലുള്ളത്. ആനന്ദിനെ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നില്ലെന്നാണ് ബി.ജെ.പി നേതാക്കളുടെ ആദ്യ പ്രതികരണം. സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള ആനന്ദിന്‍റെ മൃതദേഹം രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മെഡിക്കല്‍ കോളജിലെത്തിച്ച് പോസ്റ്റ് മോര്‍ട്ടം ചെയ്യും. തന്‍റെ മൃതദേഹം ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളെ കാണിക്കരുതെന്ന് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുള്ളതിനാല്‍ പൊതുദര്‍ശനം സംബന്ധിച്ച് നിലവില്‍ തീരുമാനിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ ആത്മഹത്യയില്‍ അതീവ ദുഃഖമുണ്ടെന്നും കാരണം കണ്ടെത്തുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംഭവത്തില്‍ ഗൗരവതരമായ അന്വേഷണം നടക്കുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. മനുഷ്യജീവന്‍ പന്താടുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസും ബിജെപിയും ഭീകരസംഘടനയാണെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി വി.ജോയിയുടെ  പ്രതികരണം.

ENGLISH SUMMARY:

Police have launched a detailed investigation into the suicide of Anand K. Thampi, an RSS worker in Thiruvananthapuram, who allegedly took his own life after being denied a party ticket for the Thrikkannapuram Corporation ward despite being promised one. His suicide note reportedly blames local "sand mafia" leaders for the denial. Poojappura Police have registered a case of unnatural death and will question BJP and RSS leaders. They are also probing whether he faced any threats after deciding to contest as an independent with Shiv Sena's support. Thampi’s body is scheduled for post-mortem, and as per his suicide note, his family has decided against a public viewing attended by BJP/RSS leaders.