ambalathara-upschool-construction-delay

TOPICS COVERED

സ്കൂള്‍ തുറക്കാറായില്ലേ ഒരുക്കങ്ങള്‍ ഏത് വരെയായെന്ന് ചോദിച്ചാല്‍ വിദ്യാഭ്യാസ മന്ത്രി പറയും മുന്‍ വര്‍ഷങ്ങളിലേത് പോലെയല്ല കാര്യങ്ങളെന്ന്. പല സ്കൂളുകളുകളിലെയും നിര്‍മാണത്തിലെ മെല്ലെപ്പോക്ക് പരിശോധിച്ചാല്‍ ‍ഇതില്‍ യാഥാര്‍ഥ്യമില്ലെന്ന് തെളിയും. മന്ത്രി വി.ശിവന്‍കുട്ടിയുടെ മണ്ഡലത്തില്‍പ്പെടുന്ന തിരുവനന്തപുരം അമ്പലത്തറ യു.പി സ്കൂളിലെ നിര്‍മാണ പ്രതിസന്ധിയില്‍ രക്ഷിതാക്കള്‍ ആശങ്കയിലാണ്. 

കുരുന്നുകളെ കരുതലോടെ കൈപിടിച്ച് കയറ്റേണ്ട ഇടമാണ്. മുള്ള് തട്ടാതെ മുന്നോട്ട് നയിച്ച് ഉയരങ്ങളിലേക്കുള്ള പഠനം ഉറപ്പിക്കേണ്ട സ്കൂള്‍ മുറ്റം. ഈയവസ്ഥയില്‍ എങ്ങനെ കുരുന്നുകള്‍ ക്ലാസ് മുറിയിലേക്ക് കയറുമെന്നാണ് രക്ഷിതാക്കളുടെ ചിന്ത. സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ നിര്‍മാണം ഇഴയുകയാണ്. മണ്‍കൂനയും ഇരുമ്പ് കമ്പിയും ഏത് സമയവും അപകടത്തിന്‍റെ തോതുയര്‍ത്താം. നിലവിലെ പണികള്‍ സ്കൂള്‍ തുറക്കും മുന്‍പ് പൂര്‍ത്തിയാവാന്‍ യാതൊരു സാധ്യതയുമില്ല. അങ്ങനെയെങ്കില്‍ പ്രവേശനോല്‍സവം പരാതി നിറയുന്ന സാഹചര്യമൊരുക്കും. 

​കോര്‍പ്പറേഷന്‍റെ തനത് ഫണ്ടില്‍ നിന്നും ‍ഇരുപത്തി അഞ്ച് ലക്ഷം രൂപ മുടക്കിയാണ് അടുത്തിടെ റോഡിന് അഭിമുഖമായി പുതിയ സ്കൂള്‍ കവാടം പണിതീര്‍ത്തത്. പുതിയ കെട്ടിട സമുച്ചയം വരുമ്പോള്‍ ഈ കവാടത്തിന്‍റെ ഉപയോഗം ഇല്ലാതാവും. മന്ത്രിയും സിപിഐ പ്രതിനിധിയായ കൗണ്‍സിലറും തമ്മിലുള്ള ശീതസമരവും നിര്‍മാണത്തിലെ മെല്ലെപ്പോക്കിന് കാരണമെന്നാണ് ആക്ഷേപം. തര്‍ക്കമായാലും സര്‍ക്കാര്‍ നൂലാമാലയാണെങ്കിലും കുരുന്നുകളുടെ കാര്യമെന്ന് ആരും മറന്ന് പോവരുതെന്നാണ് രക്ഷിതാക്കളുടെ ഓര്‍മപ്പെടുത്തല്‍. 

ENGLISH SUMMARY:

With only days left for schools to reopen, construction delays at Ambalathara UP School in Thiruvananthapuram—part of Minister V. Sivankutty’s constituency—have left parents worried. Unsafe conditions including exposed iron rods and piles of sand pose risks to children.