സംവിധായകനും സി.പി.എം മുന്‍ എം.എല്‍.എയുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരായ പരാതി ഗൗരവതരമെന്ന് പൊലീസ്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി പൊലീസ് നടപടി ശക്തമാക്കി. കുഞ്ഞുമുഹമ്മദിന്‍റെ മുന്‍കൂര്‍ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.
രാജ്യാന്തര ചലച്ചിത്ര മേളയുടെ മുന്നോടിയായി നടന്ന സ്ക്രീനിങ്ങിനെത്തിയ ചലച്ചിത്ര പ്രവര്‍ത്തകയാണ് പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്. നവംബര്‍ 6 ന് തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍വെച്ച് കയറിപിടിച്ചെന്നാണ് പരാതി. പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് തിരുവനന്തപുരത്ത് മജിസ്ട്രേറ്റ് രേഖപ്പെടുത്തി. പരാതിയില്‍ ഉറച്ച് നിന്നെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. അതിനിടെ കുഞ്ഞുമുഹമ്മദിന്‍റെ മുന്‍കൂര്‍ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പരാതി ഗൗരവതരമെന്നും പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പീഡനം നടന്നതായി പറയുന്ന സമയം പരാതിക്കാരി പി.ടി.കുഞ്ഞുമുഹമ്മദിന്‍റെ മുറിയുടെ സമീപത്തേക്ക് വരുന്നതും പോകുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങളുണ്ടെന്നതാണ് പ്രധാനതെളിവായി കാണിക്കുന്നത്. അതിനാല്‍ ജാമ്യാപേക്ഷ തള്ളണമെന്നും വിശദ അന്വേഷണം നടത്തണമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ചയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.