pulsar-suni-04

നടിയെ ആക്രമിച്ച ദിവസം പള്‍സര്‍ സുനി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട ശ്രീലക്ഷ്മിയെ അന്വേഷണസംഘം ചോദ്യംചെയ്തിരുന്നുവെന്ന് ഭര്‍ത്താവ് മനോരമ ന്യൂസിനോട്. പൊലീസിന് വിശദമായ മറുപടി നല്‍കുകയും ഫോണും സിം കാര്‍ഡും കൈമാറുകയും ചെയ്തു. ശ്രീലക്ഷ്മിയെ സാക്ഷിയാക്കാത്തതിനെ കോടതി വിധിന്യായത്തില്‍ വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് ഭര്‍ത്താവിന്‍റെ പ്രതികരണം. പള്‍സര്‍ സുനിയുമായി ശ്രീലക്ഷ്മിക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി   കോടതി ഉത്തരവിലും രേഖപ്പെടുത്തിയിട്ടുണ്ട് .

അതേസമയം, നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചകൾ. കേസിൽ പരാമർശിക്കപ്പെട്ട ശ്രീലക്ഷ്മിയും മാഡവുമടക്കം പലരെയും കുറിച്ച് അന്വേഷണസംഘം അന്വേഷിക്കുകയോ, വിസ്തരിക്കുകയോ ചെയ്തില്ല. അന്വേഷണസംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ പരാജയമാണ് ദിലീപടക്കമുള്ള നാല് പ്രതികളെ വെറുതെ വിടുന്നതിലേക്ക് നയിച്ചത് എന്ന് ഉത്തരവിൽ വ്യക്തമാണ്. Also Read: ദിലീപിനെ എറണാകുളത്തപ്പന്‍ ക്ഷേത്ര പരിപാടിയില്‍ നിന്ന് ഒഴിവാക്കി; നടപടി വിവാദത്തിന് പിന്നാലെ

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന കുറ്റം തെളിയിക്കാനാകാതെ നടൻ ദിലീപിനെ എന്തുകൊണ്ട് വെറുതെ വിട്ടു എന്നതിന്‍റെ ഉത്തരം മാത്രവല്ല, കേസിൽ എന്തൊക്കെ സംഭവിച്ചു എന്നതിൻ്റെ തെളിവാണ് 1709 പേജുള്ള വിധിന്യായം. കേസുമായി ബന്ധപ്പെട്ട് പരാമർശിക്കപ്പെട്ട പലരെയും കുറിച്ച് അന്വേഷിക്കുകയോ, പല സാക്ഷികളെ വിസ്തരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഉത്തരവിൽ വിമർശനമുണ്ട്. 

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് രാത്രി 10.30-നും 10.48-നും ഇടയിലാണെന്നാണ് ഫോറൻസിക് റിപ്പോർട്ട്. ഇതിന് വെറും അരമണിക്കൂർ മുമ്പ് വരെ ശ്രീലക്ഷ്മി എന്ന സ്ത്രീ പൾസർ സുനിയുമായി ആശയവിനിമയം നടത്തിയിരുന്നു. ഫെബ്രുവരി 23-ന് സുനി അറസ്റ്റിലായ ശേഷവും ഇവർ ഫോണിൽ വിളിച്ചതായി കോടതി കണ്ടെത്തി. എന്നാൽ സുനിയുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ പറയുന്ന ഇവരെ സാക്ഷിയാക്കിയില്ലെന്ന് മാത്രമല്ല, ഇവരുടെ ഫോൺ വിവരങ്ങളോ ടവർ ലൊക്കേഷനോ കോടതിയിലെത്തിച്ചില്ല. സ്വകാര്യത ചൂണ്ടിക്കാട്ടി ഫോണിലെ വിവരങ്ങൾ മറച്ചുവെക്കുകയും ചെയ്തു. ഇതിനെയാണ് കോടതി വിമർശിക്കുന്നത്. കേസിൽ മാഡം എന്ന പേര് പലതവണ ഉയർന്ന് കേട്ടെങ്കിലും അതിനെ കുറിച്ച് പിന്നീട് അന്വേഷണം ഉണ്ടായിട്ടില്ല. 

ദിലീപ് ഉണ്ടാക്കിയെന്ന് പ്രോസിക്യൂഷൻ ബാധിക്കുന്ന വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ സ്ക്രീൻഷോട്ട് ആദ്യമായി അയച്ചു നൽകുന്നത് ഷോൺ ജോർജ് ആണ്. എന്നാൽ ഷോൺ ജോർജിനെ സാക്ഷിയാക്കുകയോ വിസ്തരിക്കുകയോ ചെയ്തില്ല. കേസുമായി ബന്ധപ്പെട്ട് ദിലീപ് 12 ചാറ്റുകൾ ഡിലീറ്റ് ചെയ്തെന്ന് അന്വേഷണസംഘം പറയുമ്പോൾ, ചാറ്റ് ചെയ്തവരെകുറിച്ചോ, അവർക്ക് കേസിലുള്ള പങ്കിനെ കുറിച്ചോ കോടതിക്ക് മുന്നിൽ തെളിവുകൾ എത്തിയില്ല. 

കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ വിവരം വ്യക്തമായ ശേഷം അന്വേഷണ ഉദ്യോഗസ്ഥനും ഫോറൻസിക് ലാബിലെ ഉദ്യോഗസ്ഥനും രണ്ടുവർഷമാണ് ഇക്കാര്യം കോടതിയിൽ നിന്നും മറച്ചുവെച്ചത്. പഴുതടച്ച അന്വേഷണം എന്ന് സർക്കാർ അവകാശപ്പെട്ട കേസിൽ ഇത്തരത്തിലുള്ള നിരവധി വീഴ്ചകളെ കുറിച്ചാണ് ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നത്.

ശബരിമലയിൽ ദർശനം നടത്തി ദിലീപ്

നടിയെ ആക്രമിച്ച കേസിലെ വിധിക്ക് പിന്നാലെ ശബരിമലയിൽ ദർശനം നടത്തി നടൻ ദിലീപ്. കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ശേഷമുള്ള ആദ്യ ശബരിമല ദർശനമായിരുന്നു. പുലർച്ചയോടെ സന്നിധാനത്ത് എത്തിയ ദിലീപ് ദർശനത്തിന് ശേഷം നെയ്യ് അഭിഷേകവും കളഭ അഭിഷേകവും പ്രത്യേക വഴിപാടുകളും നടത്തി. കഴിഞ്ഞ മണ്ഡല കാലത്തെ ദിലീപിന്‍റെ  ശബരിമല ദർശനം വലിയ വിവാദമായിരുന്നു. ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ദർശനം നടത്തിയെന്നും പ്രത്യേക പരിഗണന നൽകിയെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനു ശേഷം ശബരിമയിൽ സെലിബ്രിറ്റികൾക്കുള്ള പൊലീസ് സുരക്ഷയിൽ അയവു വരുത്തിയിരുന്നു. ഇന്ന് ദർശനത്തിന് എത്തിയ ദിലീപിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണ് സുരക്ഷ ഒരുക്കിയത്. ഉച്ചയോടെ കളഭാഭിഷേകത്തിന്‍റെ  ഭാഗമായ കളഭക്കലശ പ്രദക്ഷിണത്തിലും ദിലീപ് പങ്കാളിയായി.

ENGLISH SUMMARY:

The husband of Sreelakshmi has revealed that Pulsar Suni was in frequent phone contact with her on the day the actress was attacked. He told Manorama News that Sreelakshmi was questioned by the investigation team and that detailed statements were provided to the police. The mobile phone and SIM card were also handed over to investigators for examination. The statement comes after the court criticised the probe for not making Sreelakshmi a witness in the case. The development has renewed focus on alleged lapses in the investigation process.