തിരുവനന്തപുരം മുതലപ്പൊഴിയില്‍ പൊഴി തുറക്കാനുളള ശ്രമം ഊര്‍ജിതം. അഞ്ച് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് പൊഴി മുറിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നത്. പൊഴി മൂടിയതോടെ ഇന്നും കടക്കാവൂര്‍ മേഖലയിലെ നിരവധി വീടുകളില്‍ വെളളം കയറി.
മുതലപ്പൊഴിയുടെ പരിസര പ്രദേശങ്ങളിലെ ജനങ്ങളുടെ ദുരിത ജീവിതമാണ് ഈ കാഴ്ച. പല വീടുകളിലേയ്ക്കും നീന്തി പോകേണ്ട അവസ്ഥ. പൊഴി അടഞ്ഞതോടെയാണ് വക്കം പണയില്‍ കടവ് ഭാഗത്തും കടക്കാവൂര്‍ പഞ്ചായത്തിലെ നിരവധി വീടുകളിലും വെളളം കയറിയത്.
വെളളം കയറാന്‍ തുടങ്ങിയതോടെയാണ് ഡ്രജര്‍ എത്തിക്കാതെ പൊഴി മുറിക്കാന്‍ സമ്മതിക്കില്ലെന്ന് നിലപാടെടുത്തിരുന്ന സമരസമിതി അയഞ്ഞത്. സമരസമിതിക്കാരുടെ നേതൃത്വത്തില്‍ തന്നെ പൊഴിമുറിച്ചു തുടങ്ങി. ഇന്ന് കൂടുതല്‍ മണ്ണുമാന്തി യന്തങ്ങളഉടെ സഹായത്തോടെയാണ് പൊഴിമുറിക്കല്‍ ജോലികള്‍ തുടരുന്നത്. മണ്ണു നീക്കാന്‍ കണ്ണൂരില്‍ നിന്നു ചന്ദ്രഗിരി ഡ്രജര്‍ ബേപ്പൂര്‍ പിന്നിട്ടു. വ്യാഴാഴ്ചയോടെ മുതലപ്പൊഴിയില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതോടെ കൂടുതല്‍ഡ വേഗത്തില്‍ മണ്ണു നീക്കാനാകും. പൊഴിമുഖത്ത് പുലിമുട്ട് പൊളിഞ്ഞ് താഴേയ്ക്ക് വീണ് കിടക്കുന്ന ടെട്രാപോഡുകള്‍ കൂടി മാറ്റണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നുണ്ട്.