തലസ്ഥാന നഗരത്തെ നടുക്കിയ സംഭവമായിരുന്നു നാലാഞ്ചിറയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്. വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ സ്വദേശിനിയും നാല് മക്കളുടെ അമ്മയുമായ ഹസീന ബീവിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വി.സുരേഷ് കുമാറാണ് വാടകവീട്ടില്‍ വെച്ച് ഈ അതിക്രൂര കൊലപാതകം നടത്തിയത്.
നാല് മക്കളും ഹസീനയുടെ മാതാവും ഉള്‍പ്പടെ ഏഴ് പേരടങ്ങുന്ന വീട്ടിലാണ് അരുംകൊല നടന്നത്. ബാക്കിയെല്ലാവരും ഉറങ്ങിയ ശേഷം ഹസീനയും സുരേഷ് കുമാറും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഹസീനക്ക് മറ്റൊരാളുമായി ബന്ധമെന്ന സുരേഷിന്‍റെ ആരോപണമാണ് വഴക്കിന് അടിസ്ഥാനം. വഴക്കിനിടെ കിടപ്പ് മുറിയില്‍ നിന്ന് ഇറങ്ങിയ ഹസീന വീടിന്‍റെ മുകള്‍ നിലയിലെ മുറിയിലേക്ക് പോയി. അവിടെ കട്ടിലില്‍ കിടന്ന ഹസീനയെ പിന്നാലെയെത്തിയാണ് സുരേഷ് കൊന്നത്.
കത്തി ഉപയോഗിച്ച് കഴുത്ത് അറക്കുകയായിരുന്നു. കട്ടിലില്‍ കിടന്ന ഹസീനയെ ബലമായി പിടിച്ച ശേഷം കത്തികൊണ്ട് കഴുത്ത് അറക്കുന്ന തരത്തിലാണ് മുറിവ്. കഴുത്തിന്‍റെ ഇടത് ഭാഗത്തെ പകുതിയോളം ആഴത്തില്‍ മുറിവുണ്ട്. കഴുത്തിലെ എല്ലുകള്‍ വരെ മുറഞ്ഞിട്ടുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇതിന് ശേഷം നെഞ്ചിലും ഒരു തവണ ആഞ്ഞ് കുത്തി. ഈ മുറിവും ആഴത്തിലുള്ളതാണെന്നും ഇത് മരണകാരണമാണെന്നും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിനെ അറിയിച്ചു.
കൊലക്ക് ശേഷം വീട്ടില്‍ നിന്ന് മുങ്ങിയ സുരേഷ് കുമാറിനെ ഇതുവരെ പിടികൂടാനായിട്ടില്ല. കാറുമായി പോയ സുരേഷ് വീട്ടില്‍ നിന്ന് പതിനയ്യായിരത്തോളം രൂപയും കൊണ്ടുപോയിട്ടുണ്ട്. അതിനാല്‍ ദുരസ്ഥലത്തേക്ക് ഒളിവില്‍ പോകാനുള്ള സാധ്യതയെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. നാലാഞ്ചിറയില്‍ നിന്ന് തമ്പാനൂര്‍ കടന്ന് നേമം ജങ്ഷന്‍ വരെ സുരേഷിന്‍റെ കാര്‍ പോയതായി സി.സി.ടി.വി കാമറകളില്‍ നിന്ന് വ്യക്തമായി. അതിന് ശേഷമുള്ള കാമറകള്‍ പരിശോധിച്ച് വരികെയാണ്. നെയ്യാറ്റിന്‍കര, പാറശാല വഴി കന്യാകുമാരിയിലേക്ക് കടക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.
ഒളിവില്‍ പോകുന്നതിനിടെ പൊലീസിനെ കബളിപ്പിക്കാനും സുരേഷ് ശ്രമിച്ചു. മൊബൈല്‍ കരമനയ്ക്ക് സമീപം കിള്ളിപ്പാലത്തുള്ള ഹോട്ടലിന് സമീപം ഉപേക്ഷിച്ചു. അതുകൊണ്ട് കൊലപാതകം നടന്ന ആദ്യ മണിക്കൂറുകളില്‍ മൊബൈല്‍ പിന്തുടര്‍ന്ന പൊലീസ് ഈ പ്രദേശത്ത് തിരഞ്ഞ് സമയം കളഞ്ഞിരുന്നു.