valiyathura

TOPICS COVERED

കാൽപ്പന്തുകളിയുടെ ആവേശക്കടലിരമ്പമെത്തും മുന്‍പേ തീരത്തോരം ആരാധകരുടെ ആര്‍പ്പുവിളി. പ്രമുഖ ടീമുകളുടെയെല്ലാം ജഴ്‌സിയണിഞ്ഞ് ഫുട്ബോൾ വിളംബര യാത്രയുടെ ഭാഗമായത് തിരുവനന്തപുരം വലിയവേളി ഫുട്ബോൾ പ്രേമികളുടെ സൗഹൃദക്കൂട്ടം. ആകാശംമുട്ടെ പാറുന്ന പതാകയില്‍ കാൽപ്പന്താണ് ഹൃദയത്തിലെ കനൽത്തരിയെന്ന് ഓർമപ്പെടുത്തുകയാണ്. 

അലകടലിനപ്പുറം അമേരിക്കയിൽ കാല്‍പ്പന്തുരുളാന്‍ ദിവസങ്ങളേറെയില്ല. അവിടെ തുടങ്ങും മുന്‍പ് ഇവിടെയേറെ നിറം നിരത്തി വഴിയൊരുക്കലാണ്. പണ്ടേക്ക് പണ്ടേ നെഞ്ചേറ്റിയ താരാരാധനയാണ് കാല്‍പ്പന്താരവത്തിന്‍റെ വേരുറപ്പിക്കുന്നത്. മെസിയുടെ പേരിന് കനത്തൂക്കമുണ്ടെങ്കിലും നെയ്മാറും, ക്രിസ്റ്റാനോ റൊണാൾഡോയും, എംബാപ്പയും, ലൂക്ക മോഡ്രികും അങ്ങനെ ഹൃദയത്തില്‍ ആഴം തീര്‍ത്തവര്‍ക്കായി ജഴ്‌സിയിൽ പതിപ്പിച്ച് ആരാധകർ. 

ആവേശം തീർത്തുള്ള ആരാധകരുടെ റോഡ് ഷോ വലിയവേളി പിന്നിട്ട് ശംഖുമുഖത്തേക്ക്. സ്ത്രീകളും കുട്ടികളും ഫുട്ബോളെന്ന ആവേശം മുറുകെപ്പിടിച്ച് കണ്ണികളായി. വഴിയരികിൽ സ്ഥാപിച്ചിട്ടുള്ള ഫ്ളക്സുകളിൽ പെരുമയും ഉപദേശവും നിറഞ്ഞ അക്ഷരങ്ങള്‍. കരഘോഷങ്ങള്‍ക്ക് നടുവിലേക്കിറങ്ങുന്ന കാല്‍പ്പന്തിന്‍റെ മിശിഹായ്ക്ക് ഉള്‍പ്പെടെ ഇങ്ങകലെ സ്നേഹം തീര്‍ക്കുന്നവരുടെ പിന്തുണ കരുത്താവും. ഒരേവണ്ടിയിൽ നെയ്മാര്‍ മെസിയും ഇങ്ങനെ തലങ്ങും വിലങ്ങും പാഞ്ഞാല്‍ അതല്ലേ ഫുട്ബോള്‍ ലഹരി. മഞ്ഞയും, നീലയുമല്ല മനസിലുടക്കിയവര്‍ കപ്പുയര്‍ത്തണമെന്ന ആവേശം മാത്രം. 

ENGLISH SUMMARY:

Football fever is building in Kerala as fans gear up for the upcoming FIFA World Cup. Excitement is palpable with fan rallies and celebrations taking over the streets.