ശബരിമല തീര്‍ഥാടര്‍ക്കായി എരുമേലിയില്‍ നിര്‍മിച്ച അന്നദാനമണ്ഡപം ഈ തീര്‍ഥാടനകാലത്തും പൂര്‍ണതോതില്‍ ഉപയോഗിക്കാനാകില്ല. ആറുവര്‍ഷം മുന്‍പ് നിര്‍മാണം തുടങ്ങിയ കെട്ടിടം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പാണ് ഉദ്ഘാടനം ചെയ്തത്. അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ കാലതാമസമുണ്ടായെന്നാണ് പരാതി.
14 കോടി രൂപ ചെലവില്‍ ക്ഷേത്രത്തിന് സമീപം കിഫ്ബി പദ്ധതി പ്രകാരം നിര്‍മിച്ച കെട്ടിടമാണിത്. ആറു വര്‍ഷം കൊണ്ടു നിര്‍മിച്ച കെട്ടിടം വൈദ്യുതി കണക്ഷന് പോലും ലഭിക്കാതെയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഉദ്ഘാടനം ചെയ്തത്. ഫയര്‍ എന്‍ഒസി ഉള്‍പ്പെടെ ലഭിക്കാത്തതിനാല്‍ പൂര്‍ണതോതില്‍ കെട്ടിടം ഉപയോഗിക്കാനാകില്ല.
താല്‍ക്കാലിക സംവിധാനങ്ങളിലൂടെ കെട്ടിടത്തില്‍ തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. തീർഥാടകർ എത്തിത്തുടങ്ങുന്ന എരുമേലിയിൽ പല പ്രദേശങ്ങളും വൃത്തിഹീനമാണ്. ഉദ്യോഗസ്ഥലത്തിൽ ഏകോപനം ഇല്ലാത്തത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും കാലതാമസമുണ്ടാക്കിയെന്ന് പൊതുപ്രവര്ത്തന് അരുണ്‍ സതീഷ് ആരോപിക്കുന്നു.
ക്ഷേത്രത്തിനോട് ചേര്‍ന്നൊഴുകുന്ന തോടിന് സമീപം വന്‍തോതിലാണ് മാലിന്യംകൂടിക്കിടന്നത്. പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിന്റെ മാലിന്യം ഇപ്പോഴും ശേഷിക്കുകയാണ്. ശുചിമുറികളിലേക്കുളള പൈപ്പുകള്‍ ശരിയാക്കുന്ന ജോലികളും തുടരുന്നു. തീര്‍ഥാടകരെത്തി തുടങ്ങുമ്പോഴേക്കും എല്ലാം ശരിയാകുമെന്നാണ് ഉദ്യോഗസ്ഥരുടെ ഉറപ്പ്.