മറ്റന്നാൾ നട തുറക്കാനിരിക്കെ പന്തളത്തെ അസൗകര്യങ്ങൾ ഇനിയും പരിഹരിച്ചില്ല. കഴിഞ്ഞ വർഷം പഴയ നഗരസഭ കൊട്ടിഘോഷിച്ച് തുടങ്ങിയ സ്വാമി അയ്യപ്പൻ ബസ് സ്റ്റാന്‍ഡും പ്രവർത്തിച്ചു തുടങ്ങിയില്ല. പാർക്കിങും ശുചിമുറിയുമാണ് മറ്റ് പ്രധാന പ്രതിസന്ധികൾ.
ഇതര സംസ്ഥാനത്ത് നിന്ന് അടക്കം പതിനായിരങ്ങളാണ് പന്തളം കൊട്ടാരം കാണാനും തിരുവാഭരണം കണ്ടു തൊഴാനുമായി എത്തുന്നത്. ഇവിടെ പതിറ്റാണ്ടുകൾ പഴക്കമുള്ള ശുചിമുറികളാണ് തീർഥാടകരെ കാത്തിരിക്കുന്നത്. പുതിയതായി നിർമിച്ച ശുചിമുറികളിൽ പകുതി ഉദ്യോഗസ്ഥർക്കാണ്. കൃത്യമായ പ്ലാനിങില്ലാതെ നിർമിച്ച അന്നദാന മണ്ഡപത്തിന് നഗരസഭാ എഞ്ചിനിയറിങ് വിഭാഗം അനുമതി കൊടുക്കാത്ത സാഹചര്യമാണ്. ഇതിന് താഴെയാണ് സൗജന്യ പാർക്കിങ്. വളരെ കുറച്ച് വാഹനങ്ങൾക്ക് മാത്രമാണ് പാർക്കിങ്. മഴപെയ്താൽ ഇവിടം ചെളിക്കുളമാകും. എല്ലാ ഒരുക്കവും പൂർത്തിയാക്കി എന്ന് നഗരസഭാധ്യക്ഷ കൃഷ്ണകുമാരി പറയുന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായ് ബിജെപി ഭരിച്ചിരുന്ന പന്തളം നഗരസഭ പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിന് സ്വാമി അയ്യപ്പൻ എന്ന് പേരിട്ടിരുന്നു. എന്നാല്‍ പെട്ടെന്ന് തട്ടിക്കൂട്ടിയ ബസ് സ്റ്റാൻഡ് ആര്‍ടിഒ അംഗീകരിച്ചില്ല. ചുറ്റുമതിൽ ഇല്ലാത്തതാണ് തടസമെന്ന് പറയുന്നു. തുറക്കാൻ പുതിയ ഭരണസമിതി താല്പര്യം കാണിച്ചിട്ടില്ല എന്നും വിമർശനമുണ്ട്. പുതിയ ബസ് സ്റ്റാൻഡ് തുറന്നാൽ ടൗണിലെ തിരക്ക് കുറഞ്ഞേക്കും .
ഇവിടെ പമ്പയിൽ സുരക്ഷാ വേലിയുണ്ട്. പക്ഷെ കുളിച്ചു വരുന്ന മാളികപ്പുറങ്ങൾക്ക് വസ്ത്രം മാറാൻ സൗകര്യമില്ല. തീർഥാടകർക്ക് വിരിവക്കാൻ സൗകര്യമില്ല. രാത്രിയായാൽ ഡോക്ടറുടെ സേവനവും മരുന്നും ഇല്ലാത്തതും വെല്ലുവിളിയാണ്.