മണ്ഡലകാലത്തിന് തീര്‍ഥാടകര്‍ എത്താന്‍ നാലു ദിവസം ശേഷിക്കെ പമ്പയിലേയും നിലയ്ക്കലേയും ശുചിമുറികളുടെ നവീകരണം എങ്ങും എത്തിയില്ല. പമ്പയിലും സന്നിധാനത്തും ശുചിമുറികള്‍ സൗജന്യമാക്കാനാണ് തീരുമാനം. പക്ഷേ മണ്ഡലകാലത്തിന് മുന്‍പ് പണികള്‍ തീരുന്നത് സംശയമാണ്
നിലയ്ക്കലില്‍ ഇക്കാണുന്നതൊക്കെയാണ് ശുചി മുറികളുടെ അവസ്ഥ. പുറമേയ്ക്ക് ചായംപൂശി വൃത്തിയാക്കി. ഉള്ളില്‍ എല്ലാം പൊളിച്ചിട്ടിരിക്കുന്നു. പഴയ ടാപ്പുകളുടെ ഭാഗങ്ങള്‍ കുത്തിയിളക്കിക്കളഞ്ഞു. പുതിയ പൈപ്പുകള്‍ എത്തിച്ചു. പണി തീര്‍ന്നിട്ടില്ല. നാലുദിവസം കൊണ്ട് പണി തീരണം. ഈ ഒരു ശുചിമുറി കോംപ്ലക്സ് മാത്രമല്ല. നിലയ്ക്കലിലെ വിവിധ പാര്‍ക്കിങ് ഗ്രൗണ്ടുകളുടെ സ്ഥിതി ഇതാണ്. കണ്ടെയ്നറുകള്‍ എത്തിച്ച് തയാറാക്കിയ ശുചിമുറികള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. ഇവിടേക്ക് ആരും തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല. ശുചിമുറികളില്‍ വെള്ളമുണ്ടോയെന്ന് പോലും നോക്കാന്‍ ആളില്ല. ഒരു വര്‍ഷം കൊണ്ട് എങ്ങനെയാണ് ഈ ശുചിമുറികള്‍ ഇത്രത്തോളം തകരുന്നത് എന്ന് വ്യക്തമല്ല.
പമ്പയില്‍ അവലോകന യോഗത്തിന് വന്ന മുഖ്യമന്ത്രി ശുചിമുറിയില്‍ നിന്ന് മൂക്കും പൊത്തിയോടിയതാണ്. അടിയന്തര നവീകരണം നിര്‍ദേശിച്ചെങ്കിലും സ്ഥിതിക്ക് ഇപ്പോഴും മാറ്റമില്ല. പമ്പയിലെ ശുചിമുറി നവീകരണം ഏജന്‍സിയെ ഏല്‍പ്പിച്ചിട്ടുണ്ട് . വൈകി പണി തുടങ്ങിയതിനാല്‍ സമയത്ത് തീരുമോ എന്ന് വ്യക്തമല്ല. വിശുദ്ധിസേനയെ നിയോഗിച്ചിട്ടുണ്ടെങ്കിലും ശുചീകരണം കൃത്യമല്ല. ഇതാണ് അതിവേഹം ശുചിമുറികള്‍ വൃത്തിഹീനമാകാന്‍ കാരണം. ഇവിടെയും പലശുചിമുറികളും പൊളിച്ചിട്ടിരിക്കുന്നതേയുള്ളു. മണ്ഡലകാലത്തിന് മുന്‍പ് എല്ലാം പൂര്‍ത്തിയാകുമെന്ന് പമ്പയും നിലയ്ക്കലും സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രിക്കും ഉറപ്പില്ല.