• ഈ മാസം 15-ന് അരവണ പ്ലാന്റ് തുറക്കുമ്പോൾ 27,000 ടിൻ മാത്രം നിർമ്മിക്കാൻ ആവശ്യമായ 27 ചാക്ക് അരി മാത്രമാണ് സന്നിധാനത്ത് നിലവിലുള്ളത്.

ശബരിമല തുലാമാസ പൂജാകാലത്തും അരവണ പ്രസാദത്തിന് ക്ഷാമം നേരിടാൻ സാധ്യതയെന്ന് റിപ്പോർട്ട്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഈ മാസം 15-ന് പ്ലാന്റ് തുറക്കുമ്പോൾ 27,000 ടിൻ അരവണ മാത്രം തയ്യാറാക്കാനാവശ്യമായ 27 ചാക്ക് അരി മാത്രമാണ് നിലവിൽ സന്നിധാനത്ത് ശേഷിക്കുന്നത്. തുലാമാസ പൂജയ്ക്കായി നടതുറക്കുന്നതോടെ വലിയതോതിൽ എത്തുന്ന തീർത്ഥാടകരുടെ തിരക്കിന് അനുസൃതമായി അരവണ വിതരണം ചെയ്യാൻ ഈ അരി തികയില്ലെന്നാണ് ആശങ്ക.

കഴിഞ്ഞ കന്നിമാസ പൂജാക്കാലത്ത് മൂന്ന് ലക്ഷത്തിലധികം ടിൻ അരവണ കരുതിയിരുന്നെങ്കിലും മൂന്നാം ദിവസം തന്നെ സ്റ്റോക്ക് തീർന്നിരുന്നു. ഇത്തവണത്തെ അരിയുടെ കരാർ ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ കരാറുകാരനോട് 17,000 കിലോയോളം അരി അടിയന്തരമായി എത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.  

എന്നാല്‍ കുടിശ്ശികയുള്ളതിനാൽ അരി സമയബന്ധിതമായി ലഭിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. പൂജ അവധിക്കൂടി വരുന്നതിനാൽ തുലാമാസ പൂജാവേളയിൽ സന്നിധാനത്ത് കനത്ത തിരക്കാണ് പ്രതീക്ഷിക്കുന്നത്.

കരാറുകാരനിൽ നിന്ന് അരി ലഭ്യമാക്കാൻ വൈകിയാൽ തീർത്ഥാടകരെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ, സന്നിധാനത്ത് ആവശ്യത്തിന് അരവണ സ്റ്റോക്ക് ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടികൾ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.

ENGLISH SUMMARY:

Reports indicate a potential shortage of Aravana prasadam at Sabarimala during the upcoming Thulamasa pooja season. When the maintenance work finishes and the plant opens on October 15, only 27 bags of rice capable of producing 27,000 tins will be available at Sannidhanam.