രാജ്യത്തെ യുവജനങ്ങള്‍ക്ക് വോട്ട് മോഷണത്തെക്കുറിച്ച് എല്ലാം ബോധ്യമായെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മണ്ഡല പുനര്‍നിര്‍ണയം എന്ന പുതിയ തന്ത്രം പുറത്തെടുത്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇത് തിര‍ഞ്ഞെടുപ്പ് ഭൂപടത്തെ അടിമുടി മാറ്റും. 140 ദശലക്ഷം വോട്ടുകള്‍ വെട്ടിമാറ്റിയ നിയമവിരുദ്ധമായ തിര‍ഞ്ഞെടുപ്പാണ് 2024ല്‍ നടന്നത്. ഗ്യാനേഷ് കുമാറിനെതിരായ തെളിവുകള്‍ ഉടന്‍ പുറത്തുവിടുമെന്നും രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ പറഞ്ഞു.

മണ്ഡല പുനർനിർണയത്തിലൂടെ എതിർക്കുന്നവരുടെ പ്രാതിനിധ്യം കുറയ്ക്കാനും മണ്ഡലങ്ങളുടെ ഘടന ബിജെപിക്ക് അനുകൂലമാക്കാനുമാണ് ശ്രമം നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. മണ്ഡല പുനർനിർണയ കമ്മിഷനെ നയിക്കുന്നത് ഗ്യാനേഷ് കുമാറാണെന്നും സമിതിയിലുള്ളത് നരേന്ദ്ര മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും തിരഞ്ഞെടുത്തവരാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.   

രാജ്യത്തെ ഏകാധിപത്യത്തിലേക്ക് തള്ളിവിടാൻ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും തെളിവുകളും വൈകാതെ പുറത്തുവിടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ENGLISH SUMMARY:

Rahul Gandhi news highlights the opposition leader's allegations against the central government regarding constituency delimitation and 2024 election vote theft. He stated that the youth of the country are fully aware of these electoral manipulation tactics and promised to release further evidence soon.