ശബരിമല തീർഥാടകര്‍ എത്താന്‍ മണിക്കൂറുകൾ മാത്രം ശേഷിക്കെ കാര്യമായ ഒരുക്കങ്ങള്‍ ഇല്ലാതെ ശബരിമലയുടെ കവാടമായ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍. ശുചിമുറികളുടെ നവീകരണം അടക്കം പൂര്‍ത്തിയാകാനുണ്ട്. ഹെല്‍പ് ഡെസ്കോ പൊലീസ് എയ്ഡ് പോസ്റ്റോ തുടങ്ങിയിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അടക്കം ദിവസം പതിനായിരത്തിലധികം തീര്‍ഥാടകര്‍ വന്നിറങ്ങുന്ന റെയില്‍വേ സ്റ്റേഷനിലാണ് അസൗകര്യങ്ങള്‍ തുടരുന്നത്.
കുടിവെള്ള സംവിധാനങ്ങളോ, വൈദ്യസഹായത്തിനുള്ള ക്രമീകരണങ്ങളോ ഇനിയും സജ്ജമായിട്ടില്ല. റയില്‍വേ സ്റ്റേഷനിലെ റോഡിന്‍റെ ടാറിങ് പൂര്‍ത്തിയായിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പാര്‍ക്കിങ്ങിന് സംവിധാനമില്ല. ചെങ്ങന്നൂരില്‍ നിന്നുള്ള ടാക്സി സര്‍വീസ് നിരക്കില്‍ തീരുമാനം ആയില്ല. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലാണ് വിരിക്കുള്ള സൗകര്യം. എന്നാല്‍ തീര്‍ഥാടകര്‍ കുളിക്കുന്ന മിത്രപ്പുഴക്കടവ് വൃത്തിയാക്കിയിട്ടില്ല. മാളികപ്പുറങ്ങള്‍ക്ക് വസ്ത്രം മാറാനുള്ള സൗകര്യങ്ങളുമില്ല.
അടുത്ത ദിവസം മുതല്‍ തീര്‍ഥാടകരെത്തിത്തുടങ്ങും. റയില്‍വേ സ്റ്റേഷനിലെത്തിയാല്‍ ട്രെയിന്‍ വരും വരെ പ്ലാറ്റ് ഫോമില്‍ത്തന്നെ കിടക്കണം. മഹാദേവ ക്ഷേത്രത്തിന് സമീപം കിഫ്ബി വഴി വിരികേന്ദ്രത്തിന്‍റെ നിര്‍മാണം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ കിഫ്ബിയെ സര്‍ക്കാര്‍ കയ്യൊഴിഞ്ഞതോടെ പണി നിലച്ചു. കേന്ദ്രവിഹിതം വഴിയുള്ള വികസനപ്രവര്‍ത്തനങ്ങളാകട്ടെ ചെങ്ങന്നൂര്‍ റയില്‍വേ സ്റ്റേഷനില്‍ ഈ മണ്ഡലകാലത്തിന് ശേഷമേ തുടങ്ങാനാകൂ.