sabarimala-cleaning

ശബരിമല മണ്ഡലകാല, മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായി കാനനപാത തെളിക്കുന്ന പ്രവൃത്തിക്ക് തുടക്കമിട്ട് വനംവകുപ്പ്. പരമ്പരാഗത പാതയില്‍ അഴുതക്കടവ് മുതല്‍ പമ്പ വരെയുള്ള പതിനെട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വഴിയാണ് വൃത്തിയാക്കിത്തുടങ്ങിയത്. പീരുമേട് എം.എല്‍.എ സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. 

പരമ്പരാഗത പാതയില്‍ ഏറ്റവും കഠിനമേറിയ കാനനപാത. അഴുത തുടങ്ങി പമ്പ വരെയുള്ള 18 കിലോമീറ്റർ ദൂരം. തട്ട് തട്ടായി നീളെ ഉയരുന്ന കരിമലയാണ് താണ്ടാനുള്ളതില്‍ കഠിനം. അഴുതക്കടവ്, കല്ലിടാംകുന്ന്, വള്ളിത്തോട്, വെള്ളാരച്ചെറ്റ, പുതുശ്ശേരി, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം തുടങ്ങി എട്ട് താവളങ്ങളാണ് താണ്ടാനുള്ളത്. പെരിയാര്‍ കടുവാ സങ്കേതത്തിന്‍റെ പരിധിയില്‍ വരുന്ന മേഖലയില്‍ ആനയും, കടുവയും, പുലിയും ഉള്‍പ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യം ഏറെയുണ്ട്. 

അതീവ സുരക്ഷയോടെ സ്വാമിമാര്‍ക്ക് യാത്രാ വഴിയൊരുക്കുകയാണ് വനംവകുപ്പ്. വനസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ദൗത്യം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കി കരിമല പാത സുരക്ഷിതമാക്കും. സ്വാമിമാര്‍ക്ക് യാത്രാവഴിയില്‍ കരുതലൊരുക്കാന്‍ എട്ട് താവളങ്ങളിലും വന്യമൃഗസാന്നിധ്യം കൂടുതലായുള്ള ഇടങ്ങളിലും വനംവകുപ്പിന്‍റെ പ്രത്യേക സഹായ കേന്ദ്രങ്ങളും സേനാംഗങ്ങളുടെ സാന്നിധ്യമുണ്ടാവും. എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും, വനംവകുപ്പ് ഉദ്യോഗസ്ഥരും, വനസംരക്ഷണ സമിതി പ്രവര്‍ത്തകരും, നാട്ടുകാരും കാനനപാത തെളിക്കുന്ന ചടങ്ങിന്‍റെ ഭാഗമായി. 

ENGLISH SUMMARY:

Sabarimala traditional forest path cleaning has officially begun ahead of the upcoming Mandala-Makaravilakku pilgrimage season. The forest department is clearing the 18-kilometer trekking route from Azhutha to Pampa to ensure safe travel for devotees.