സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പ്രഫഷണല്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ മുപ്പത് ലക്ഷം രൂപ അനുവദിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സൗജന്യമായുള്ള പരിപാടിക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലെ കലാകാരന്മാരെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് പതിനഞ്ചില്‍ കുറയാത്ത പരിപാടിക്കായി മൂന്നംഗ സമിതിക്കും രൂപം നല്‍കി. അനാവശ്യ ചെലവിനും വിമര്‍ശനത്തിനും ഇടയാക്കുമെന്ന് ആക്ഷേപം. സന്നിധാനത്ത് സ്ത്രീകളുടെ തിരുവാതിര അവതരണത്തിന് നിയന്ത്രണമേര്‍പ്പെടുത്താനും ബോര്‍ഡ് തീരുമാനിച്ചു.
അടിസ്ഥാന സൗകര്യങ്ങൾ പൂര്‍ത്തിയാക്കിയിട്ട് പോരേ പണച്ചെലവുള്ള പരിപാടിയെന്ന സംശയം. കലാകാരൻമാരെയും കൂടെ നിർത്തേണ്ടേ എന്ന് ബോര്‍ഡിന്‍റെ മറുചോദ്യം. ഇതിന്‍റെ ഭാഗമായാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് മുപ്പത് ലക്ഷം രൂപ വകയിരുത്തിയത്. ഇതര സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍ ഉള്‍പ്പെടെ പങ്കാളികളാവുന്ന പതിനഞ്ചില്‍ കുറയാത്ത പരിപാടി സംഘടിപ്പിക്കും. പരിപാടിയുടെ നിലവാരം നിശ്ചയിക്കാന്‍ മൂന്നംഗ സമിതിയെയും ചുമതലപ്പെടുത്തി.
പമ്പയിലെ അയ്യപ്പ സംഗമത്തില്‍ അവതരിപ്പിച്ച കലാപരിപാടിയും നല്‍കിയ പ്രതിഫലവും സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇങ്ങനെയൊരു തീരുമാനത്തിന്‍റെ ആവശ്യമുണ്ടോ എന്ന ചര്‍ച്ചയും ഉയര്‍ന്നു. സ്വാമിമാര്‍ ദര്‍ശനം കഴിഞ്ഞ് കലാപരിപാടികള്‍ ആസ്വദിച്ച് സന്തോഷത്തോടെ മടങ്ങട്ടെ എന്നായിരുന്നു പ്രസിഡന്‍റിന്‍റെ പ്രതികരണം. ദര്‍ശനം ലക്ഷ്യമാക്കി എത്തുന്ന സ്വാമിമാര്‍ തലചായ്ക്കാന്‍ ഇടം തേടുമോ കലാപരിപാടികള്‍ ആസ്വദിക്കുമോ എന്നതും പ്രധാനമാണ്.
സൗജന്യമായി പരിപാടി അവതരിപ്പിക്കുന്നവര്‍ക്ക് വേദി കൈമാറുന്ന പതിവ് രീതി ഇത്തവണയും തുടരണമെന്നാണ് നിര്‍ദേശം. അതിന് മാറ്റമുണ്ടാവില്ലെന്ന് പറയുമ്പോഴും ഭാവിയില്‍ കൈപൊള്ളുമോ എന്ന ആശങ്ക അംഗങ്ങള്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ തിരുവാതിരക്കളി ഇത്തവണ തുടങ്ങി സന്നിധാനത്ത് വേണ്ടെന്നും ബോര്‍ഡ് തീരുമാനിച്ചു. സംഗീത പരിപാടികള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും നിര്‍ദേശം.