dtpc-snanaghat

മണ്ഡല മകരവിളക്ക് കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കൊല്ലം പുനലൂർ ജംഗ്ഷനിലെ ഡി.ടി.പി.സി സ്നാനഘട്ടത്തിൽ ഒരു സുരക്ഷയും ഒരുക്കിയിട്ടില്ല. ഒരുമാസം മുൻപ് ചേർന്ന ശബരിമല തീർഥാടനം സംബന്ധിച്ച അവലോകന യോഗത്തിൽ തീരുമാനങ്ങൾ ഉണ്ടായെങ്കിലും ഒന്നും നടപ്പായില്ല. നിരവധി തീർഥാടകർ വിശ്രമിക്കാൻ എത്തുന്ന ഇവിടം ഇപ്പോഴും സാമൂഹ്യവിരുദ്ധരുടെ താവളമായി തുടരുകയാണ്.

വിരിവക്കാനുള്ള മണ്ഡപം, ഭക്ഷണശാല, ശുചിമുറികൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പുനലൂരിലെ സ്നാനഘട്ടം. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനാണ് മേൽനോട്ടച്ചുമതല. മണ്ഡലകാലത്ത് അയൽ സംസ്ഥാനക്കാരടക്കം നൂറുകണക്കിനു തീർഥാടകർ തമ്പടിക്കുന്ന പുനലൂരിൽ 14 വർഷം മുൻപാണ് ഇടത്താവളം നിർമ്മിച്ചത്. വൃശ്ചികം ഒന്നുമുതൽ മകരവിളക്കു വരെയുള്ള രണ്ടുമാസക്കാലം വലിയ തിരക്ക് അനുഭവപ്പെടുന്ന പ്രദേശത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ.

2019 ൽ സ്ഥാനഘട്ടത്തിന് സ്ഥിരമായ സംരക്ഷണവേലി നിർമിക്കുമെന്ന് 6 വർഷം മുൻപ് ടൂറിസം വകുപ്പ് ഉറപ്പു നൽകി. താൽക്കാലികമായി നിർമ്മിക്കുന്ന മുളവേലികൾ പെട്ടെന്ന് തകരുന്നതിനാലാണ് ജിഐ പൈപ്പുകൾ ഉപയോഗിച്ച് സംരക്ഷണവേലി നിർമ്മിക്കാൻ ഡിടിപിസി പദ്ധതിയിട്ടത്. ഇത് നടപ്പാവാത്തതിനാൽ ആഴം കൂടിയ ഭാഗം തിരിച്ചറിയാതെയാണ് ഭക്തർ കുളിക്കാൻ ഇറങ്ങുക. ഇത് അപകടത്തിന് കാരണമാകുമെന്ന് നാട്ടുകാർ. മണ്ഡല മകരവിളക്ക് കാലം ആരംഭിക്കാനിരിക്കെ ഇടത്താവളത്തിൽ സജ്ജീകരണങ്ങൾ വേഗത്തിലൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ENGLISH SUMMARY:

Sabarimala pilgrimage news highlights the lack of basic safety and security arrangements at the Punalur DTPC snanaghat ahead of the Mandalam-Makaravilakku season. Pilgrims and locals are demanding immediate action from the authorities as the transit camp remains poorly maintained and unsafe.