couple-attack

TOPICS COVERED

ചെങ്ങന്നൂരിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തെ സംഘം ചേർന്ന് ആക്രമിച്ചതിൽ അഞ്ചുദിവസമായിട്ടും പ്രതികളെ പിടികൂടാനായില്ല. ഹോട്ടൽ ഉടമയുടെ ബന്ധുവും സുഹൃത്തുക്കളും ആണ് പ്രതികൾ. ദമ്പതികളെ ഹോട്ടലിന് ഉള്ളിലാക്കി ഷട്ടർ അടച്ചത് ചോദ്യം ചെയ്തതിന് ആയിരുന്നു ആക്രമണം. 

ചെങ്ങന്നൂർ ഓതറ ഈസ്റ്റ് കുഴിനേത്ത് ഉണ്ണികൃഷ്ണൻ .ബി, ഭാര്യ ആരതി എസ്. കുമാർ എന്നിവരാണ് ആക്രമണത്തിനിരയായത്. കല്ലിശ്ശേരിയിലെ ഹോട്ടലിൽ തിങ്കളാഴ്ച ആയിരുന്നു ആക്രമണം. രാത്രി പതിനൊന്നോടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഉണ്ണികൃഷ്ണനും ഭാര്യയും. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പുറത്തുനിന്നിരുന്ന ഹോട്ടൽ ഉടമയുടെ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് ഹോട്ടലിന്റെ ഷട്ടർ അടച്ചു. അകത്ത് കസ്റ്റമർ ഉണ്ടെന്ന് ഹോട്ടൽ ജീവനക്കാരൻ അറിയിച്ചതോടെ ഷട്ടർ തുറന്നു. എന്നാൽ പിന്നീട് വീണ്ടും ഷട്ടർ അടച്ചു. ഇത് ചോദ്യം ചെയ്തതോടെ മൂന്നു പേർ ചേർന്ന് അസഭ്യം പറയുകയും കാറിൽ നിന്ന് പിടിച്ചിറക്കി രണ്ടുപേരേയും മർദിക്കുകയും ചെയ്തു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

എന്നാൽ താൻ നിരപരാധിയാണെന്നാണ് ഹോട്ടൽ ഉടമയുടെ വിശദീകരണം. അകത്ത് കസ്റ്റമർ ഉണ്ടെന്നറിയാതെയാണ് സുഹൃത്തുക്കളിൽ ഒരാൾ ഹോട്ടലിനുള്ളിൽ കയറി ഷട്ടർ ഇട്ടതാണെന്നാണ് ഉടമയുടെ വിശദീകരണം. പ്രതികള്‍ മൂന്ന് പേരും നിലവിൽ ഒളിവിലാണ്. ഇവരിൽ രണ്ടുപേർ വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയവരാണെന്നാണ് വിവരം. 

ENGLISH SUMMARY:

A family was brutally attacked by a gang after questioning them for closing a hotel shutter while they were still eating in Chengannur. Police have failed to arrest the absconding accused even after five days of the incident.