10 വര്‍ഷം മുന്‍പ് യുഡിഎഫ് സര്‍ക്കാരിനെ വിവാദത്തിലാക്കിയ വ്യവസായി മല്ലേലി ശ്രീധരൻ നായരുടെ പാറമടയ്ക്ക് അനുമതി നൽകിയതിനെച്ചൊല്ലി കോണ്‍ഗ്രസ് ഭരിക്കുന്ന കോന്നി പഞ്ചായത്തില്‍ രാഷ്ട്രീയ തർക്കം. രേഖകള്‍ തിരുത്തിയെന്നാരോപിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശോഭ മുരളി ഉൾപ്പെടെ എട്ട് യുഡിഎഫ് അംഗങ്ങളാണ് ലൈസൻസ് നൽകിയതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്
പത്തനംതിട്ട കോന്നി ആനകുത്തി മെഡിക്കൽ കോളജ് റോഡിലാണ് പാറമട. ഓഗസ്റ്റ്21-ന് ചേർന്ന അടിയന്തര കമ്മിറ്റിയുടെ മിനിറ്റ്സ് വ്യാജമായി നിർമിച്ച് ക്രമക്കേട് നടത്തിയെന്നാണ് യുഡിഎഫ് അംഗങ്ങളുടെ ആരോപണം. എന്നാൽ, ലൈസൻസ് നൽകാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള കൃത്യമായ തീരുമാനമുണ്ടായിരുന്നുവെന്നും നിയമപരമായ എല്ലാ രേഖകളും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് അനുമതി നൽകിയതെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇതോടെ കോണ്‍ഗ്രസിനുള്ളില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാരിപ്പോള്‍. വീടുകള്‍ക്ക് കേടുപാടുകള്‍ വരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ജനവാസ മേഖലയ്ക്കടുത്താണ് പാറമട. വീട്ടിലെ ടൈലുകളടക്കം വെടിച്ചുകീറുന്നു, ഭിത്തിക്ക് വിള്ളല്‍ വീഴുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പാറപൊട്ടിക്കുമ്പോള്‍ അടുക്കളയിലെ പാത്രങ്ങള്‍ അടക്കം ചിതറി വീഴുകയാണ്. കോന്നി പഞ്ചായത്തിലെ 10, 11 വാര്‍ഡുകളിലും അരുവാപ്പുലം പഞ്ചായത്തിലെ ഒന്ന്, 15 വാര്‍ഡുകളിലേയും ജനങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
ഭരണ മുന്നണിയില്‍ ഇത്ര വലിയ തര്‍ക്കവും പ്രതിഷേധവുമുണ്ടായിട്ടും എല്‍ഡിഎഫോ ബിജെപിയോ പ്രതികരിച്ചിട്ടില്ല. പാറമടയിലേക്ക് റോഡ് നിര്‍മിക്കാന്‍ അനധികൃതമായി പാറ പൊട്ടിച്ചുവെന്നാരോപിച്ച് വലിയ പ്രതിഷേധം ഉയര്‍ന്നുണ്ട്.