bi-election-kerala

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളില്‍ നാളെ ഉപതിരഞ്ഞെടുപ്പ്. തദ്ദേശമാണെങ്കിലും ഭരണ, പ്രതിപക്ഷ മുന്നണികള്‍ക്ക് ഉപതിരഞ്ഞെടുപ്പ് ഒരുപോലെ നിര്‍ണായകം. നിയമസഭയിലേക്ക് വിജയിച്ച എട്ടുപേര്‍ ഒഴിഞ്ഞ വാര്‍ഡുകളിലും ഉപതിരഞ്ഞെടുപ്പുണ്ട്. 

മേയ് മാസത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത് യുഡിഎഫിന് തരംഗമായിരുന്നു. എല്‍.ഡിഎഫിന് ചരിത്ര തോല്‍വി. നാല് മാസത്തിനിപ്പുറം കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ജനം വിധിയെഴുതുമ്പോള്‍ മുന്നണികള്‍ക്ക് ചങ്കിടിപ്പാണ്. യുഡിഎഫ് അനുകൂല കാറ്റ് ഇപ്പോഴുമുണ്ടോ. എല്‍ഡിഎഫിന് തിരിച്ചുവരവിന്റെ ആശ്വാസപാതയൊരുങ്ങിയോ? ഉപതിരഞ്ഞെടുപ്പ് നടക്കുന്നവയില്‍ എട്ട് വാര്‍ഡുകള്‍ എംഎല്‍എമാരായതോടെ ഒഴിവുവന്നതാണെന്നതും ശ്രദ്ധേയമാണ്. 

അരനൂറ്റാണ്ടിന്റെ ചരിത്രം തിരുത്തി വാമനപുരത്ത് നിന്ന് സുധീര്‍ഷാ പാലോട് നിയമസഭ കയറിയതോടെയാണ് കല്ലറ ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ്. അഞ്ചുതെങ്ങില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ പോയി നിയമസഭയിലേക്ക് മത്സരിച്ച ബി.എസ്. അനൂപ് രാജിവച്ച  ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡും സിപിഎം വിട്ട് ബിജെപി സ്ഥാനാര്‍ഥിയായി വര്‍ക്കലയില്‍ മത്സരിച്ച സ്മിത സുന്ദരേശന്‍ രാജിവച്ച വാര്‍ഡും ഉപതിരഞ്ഞെടുപ്പിന് പോകുമ്പോള്‍ കാലുമാറ്റത്തിന് ജനം മറുപടി നല്‍കുമോയെന്ന് ഉറ്റുനോക്കുന്നു. 

വിനു ജോബ് ചങ്ങനാശേരി എംഎല്‍എയായതോടെയാണ് കോട്ടയം തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പ്. പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് കല്ലേലി വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത് കെ.വി. ശാന്തകുമാര്‍ അടൂര്‍ എം.എല്‍.എയായതോടെയാണ്. മാനന്തവാടിയില്‍ നിന്ന് വിജയിച്ച ഉഷ വിജയന്‍ ഒഴിഞ്ഞ പള്ളിക്കല്‍  ബ്ലോക്കും കോണ്‍ഗ്രസിന് നിലനിര്‍ത്തിയേ തീരു. കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ദീപക് ജോയി തൃപ്പൂണിത്തുറ എംഎല്‍എയായപ്പോള്‍ ഒഴിഞ്ഞ അയ്യപ്പന്‍കാവും ഫാത്തിമ തഹ്ലിയ ഒഴിച്ചിട്ട കോഴിക്കോട് കുറ്റിച്ചിറയും വിധിയെഴുതുന്നുണ്ട്. 

ചിറ്റൂര്‍ നഗരസഭാ അധ്യക്ഷനായിരിക്കെ എംഎല്‍എയായ സുമേഷ് അച്യതുന്‍ ഒഴിഞ്ഞ പരുത്തിക്കാവ് വാര്‍ഡിലും പാലക്കാട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തിരിക്കെ ആലത്തൂരില്‍ നിന്ന് നിയമസഭ കയറിയ ടി.എം.ശശി ഒഴിഞ്ഞ പല്ലശന ഡിവിഷനിലും ജനം പോളിങ് ബൂത്തിലേക്കെത്തും. ഭരണത്തിലേറി ഒരുമാസം തികയും മുന്‍പ് നടപ്പാക്കിയ പ്രിയദര്‍ശിനി സൗജന്യ യാത്രയിലാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. പവര്‍ക്കട്ടും മന്ത്രിമാരുടെ സ്പോണ്‍സര്‍ഷിപ്പ് സൗജന്യ യാത്രകള്‍ക്കും ജനം മറുപടി നല്‍കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. 

ENGLISH SUMMARY:

Crucial local body by-elections are taking place across 38 wards in 12 districts of Kerala, serving as a key midterm political test following the UDF's decisive victory in the May state assembly elections. The by-polls were primarily necessitated after eight sitting local representatives resigned upon winning seats in the Legislative Assembly. Key political dynamics are under intense scrutiny, particularly regarding party defections to the BJP in Trivandrum and high-profile vacancies in Ernakulam, Kozhikode, and Palakkad. While the ruling UDF hopes to leverage its newly launched "Priyadarshini" free bus travel scheme for women, the LDF aims for a political comeback by raising concerns over power cuts and government-sponsored travel initiatives