km-shaji

സ്വകാര്യവാഹന വിവാദത്തില്‍ മറുപടിയുമായി മന്ത്രി കെ.എം.ഷാജി. മാധ്യമങ്ങളില്‍ പ്രചരിച്ച റേഞ്ച് റോവറില്‍ ചാരി നില്‍ക്കുന്ന ചിത്രം വ്യാജമെന്ന് ഷാജി പറ‍ഞ്ഞു. ചിത്രത്തിലെ തന്‍റെ നില്‍പ്പ് ശരിയല്ലെന്നും പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് ചിത്രത്തിന്‍റെ ആധികാരികത ഉറപ്പാക്കണമെന്നും ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചു. 

'വാര്‍ത്ത തുടങ്ങിയ സമയം മുതല്‍ പ്രചരിപ്പിക്കുന്ന എന്‍റെ ഫോട്ടോ ആണിത്. സാമാന്യ മര്യാദ ഇല്ലാതെ നിങ്ങള്‍ ആ വാര്‍ത്തയിലെല്ലാം കൊടുത്ത ആ ഫോട്ടോ വ്യാജമാണ്. എഐയില്‍ ഉണ്ടാക്കിയ വ്യാജ ഫോട്ടോയാണ്. ആ ഫോട്ടോയുടെ അശ്ലീലം എന്താണെന്ന് അറിയാമോ?  ഈ കാറിന്‍റെ മുന്നില്‍ ഞാന്‍ നില്‍ക്കുന്ന നില്‍പ്പാണ്. എന്‍റെ തറവാട്ട് സ്വത്തില്‍ കിട്ടയതാണ് ഈ 13–ാം നമ്പര്‍ എന്ന നിലയ്ക്കുള്ള നില്‍പ്പാണിത്. ഇതെന്തൊരു അഹങ്കാരമുള്ള നില്‍പ്പാണ്. സാമാന്യമര്യാദയുണ്ടെങ്കില്‍ ഇത്തരത്തില്‍ ഒരു ചിത്രം കൊടുക്കില്ല. കൊടുക്കുമ്പോള്‍ ഉളുപ്പ് വേണ്ടേ? നിങ്ങള്‍ക്ക് ഈ നൈതികത ഒന്നും ബാധകമല്ലേ. അതൊരു എഐ ഫോട്ടോ ആണോ, വ്യാജ ഫോട്ടോ ആണോ എന്ന് അന്വേഷിക്കാനുള്ള മര്യാദ പോലുമില്ല,' ഷാജി പറഞ്ഞു. 

സ്വകാര്യവാഹനം ഉപയോഗിച്ചതില്‍ തെറ്റില്ലെന്നും മന്ത്രി പറഞ്ഞു. പഴ്സണല്‍ കാര്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം. സുഹൃത്തിന്റെ വാഹനം കുറച്ചുനാളുകളായി ഉപയോഗിക്കുന്നുണ്ട്. അഴീക്കോട് എംഎല്‍എ ആയിരുന്നപ്പോഴും ഉപയോഗിച്ചത് ഈ വാഹനമാണ്. പ്രത്യുപകാരം മോഹിച്ചല്ല പലരും പലതും ചെയ്യുന്നത്. തനിക്കെതിരെ ഗോസിപ്പ് വാര്‍ത്തകളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

മന്ത്രിവാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ മന്ത്രിയാകില്ല. കാറിന്റെ നമ്പര്‍ അനുവദിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്. ദേശീയ പതാക വയ്ക്കുന്നത് പ്രിവിലേജാണ്. വിശ്വസിച്ചവര്‍ക്ക് വിഷമം ഉണ്ടായാല്‍ അത് അഡ്രസ് ചെയ്യും. ചെയ്ത കാര്യങ്ങളിലെല്ലാം എനിക്ക് ക്ലാരിറ്റിയുണ്ട്. പ്രവര്‍ത്തകര്‍ക്ക് വിഷമം ഉണ്ടായത് മാത്രമാണ് പ്രശ്നമെന്നും ഷാജി പറഞ്ഞു. 

ENGLISH SUMMARY:

Minister K.M. Shaji strongly rejected allegations regarding his use of a luxury Range Rover and claimed that the image circulated in the media showing him leaning against the vehicle was an AI-generated fake. Criticizing news outlets for lacking basic journalistic ethics in verifying the photo's authenticity, Shaji questioned the sensationalist framing of his posture in the picture. He clarified that using a friend's private vehicle for official work is permissible and noted that he had used the same car during his tenure as the Azhikode MLA. Asserting complete clarity on his actions, Shaji added that he remains focused only on addressing the genuine concerns of his party workers rather than responding to gossipy political narratives.