പത്തനംതിട്ട കക്കാട്ടാറ്റിൽ പെരുനാട് ജലവൈദ്യുത പദ്ധതി അശാസ്ത്രീയമായി നിർമ്മിച്ചതുമൂലം നദിക്കരയിലെ ഒട്ടേറെ കുടുംബങ്ങൾ പ്രളയഭീതിയിൽ. അടിയന്തരമായി സംഭരണിയിലെ മണൽ നീക്കം ചെയ്യണമെന്നും തകർന്ന റോഡുകൾ ഉയർത്തി സംരക്ഷണ ഭിത്തി കെട്ടണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
പെരുനാട് പഞ്ചായത്തിലെ കിഴക്കേ മാമ്പാറ,കണ്ടംകുളം,നെടുമൺ,ഫോറിൻപടി,മണിയാർ,മൂഴിക്കൽ പ്രദേശങ്ങളിലെ അറുപതോളം കുടുംബങ്ങളാണ് പ്രളയക്കെടുതി അനുഭവിക്കുന്നത്. അൻപത് മീറ്ററോളം വീതിയും 30 അടിയോളം താഴ്ചയുമുണ്ടായിരുന്ന കക്കാട്ടാറ്റിന്റെ ആഴം നിലവിൽ പത്ത് അടിയിൽ താഴെയായി കുറഞ്ഞു. ഒഴുകിയെത്തിയ കൂറ്റൻ മൺകൂനകൾ കാരണം പദ്ധതിയുടെ ജലസംഭരണ ശേഷി പകുതിയായി ചുരുങ്ങിയതോടെ ചെറിയ മഴയിൽ പോലും വീടുകളിൽ വെള്ളം കയറുകയാണ്. മാമ്പാറ-കണ്ടംകുളം-മണിയാർ റോഡ് വെള്ളത്തിലായി ഗതാഗതം മുടങ്ങുന്നതും പതിവാണ്.
പദ്ധതിയുടെ തടയണയിലെ സ്ലൂയിസ് വാൽവ് തുറന്ന് അടിഞ്ഞുകൂടിയ മണൽ താഴേക്ക് ഒഴുക്കിവിടാൻ കെ.എസ്.ഇ.ബി തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി.ഏക്കർ കണക്കിന് കൃഷിസ്ഥലങ്ങളിൽ മണൽ കയറി നശിച്ചതോടെ കർഷകരും കടുത്ത പ്രതിസന്ധിയിലാണ്. മണൽ ശേഖരം ലേലം ചെയ്തു വിൽക്കുക,നാശനഷ്ടം സംഭവിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക,അപകടാവസ്ഥയിലായ റോഡുകൾ ഉയർത്തി സംരക്ഷണഭിത്തി നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്നാട്ടുകാര്‍