പത്തനംതിട്ട കൂടലിൽ വീണ്ടും കരിമ്പുലിപ്പേടി. കരിമ്പുലിയെ കണ്ട നാട്ടുകാർ ദൃശ്യങ്ങളും പകർത്തി. കരിമ്പുലിയടക്കം മൂന്നു പുലികൾ നാട്ടിലുണ്ടെന്നാണ് സംശയം.
കൂടൽ രാജഗിരി, എലിക്കോട്, ഇരുക്കുഴി മേഖലകളിലാണ് കരിമ്പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് ഈ പ്രദേശം. നേരത്തേ തന്നെ കരിമ്പുലി സാന്നിധ്യം സ്ഥിരീകരിച്ചതാണ്. മുൻപും കമ്പകത്തും പച്ചയിലും കുളത്തുമണ്ണിലും കരിമ്പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. അന്ന് കമ്പകത്തുംപച്ചയിൽ നിന്നും പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. നേരത്തെ പ്രദേശത്ത് കൂടുവെച്ച് മൂന്ന് പുലികളെ പിടികൂടിയിരുന്നെങ്കിലും കരിമ്പുലി അടക്കം മൂന്ന് പുലികൾ കൂടി ഇനിയും ഇവിടെയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
സന്ധ്യ കഴിഞ്ഞാൽ ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണെന്നു നാട്ടുകാര്‍ പറയുന്നു. വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് കൂടുവെച്ച് പുലികളെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അടുത്തിടെ പലയിടത്തു കൂടുവച്ചെങ്കിലും പുലി വീണിട്ടില്ല. സാധാരണ പുലിയുടെ തൊലിപ്പുറത്ത് മെലാനില്‍ പിഗ്മെന്‍റ് കൂടിയുണ്ടാകുന്ന നിറവ്യത്യാസമാണ് കരിമ്പുലിയുടെ കറുപ്പ്.